Wednesday, August 15, 2012

നിഴലായ് എന്നുമൊപ്പം - അദ്ധ്യായം - 32.

പൂവിതള്‍ - 32.

മന്ത്രശാലയുടെ കവാടത്തിന്നു മുമ്പില്‍ ലക്ഷ്മണന്‍ ജാഗരൂകനായി നിന്നു. അകത്ത് താപസനും ജ്യേഷ്ഠനും സംഭാഷണം തുടരുകയാണ്. അത് തീരുന്നതു വരെ ആരേയും അകത്തേക്ക് കടത്തി വിടരരുത് എന്നാണ് ഉത്തരവ്. ലംഘിക്കുന്ന പക്ഷം വധശിക്ഷയാണ് ലഭിക്കുക. ഏറെ നേരമായി സംഭാഷണം തുടങ്ങിയിട്ട്. ഇത്രയേറെ ഗോപ്യമായി പറയുന്ന വിഷയം എന്താണാവോ ?


ഗോപുരദ്വാരത്തില്‍ വെച്ചാണ് താപസനെ കാണുന്നത്. ഒരു മഹാമുനിശ്രേഷ്ഠന്‍റെ ദൂതനായി താന്‍ വന്നതാണെന്നും ശ്രീരാമനെ നേരില്‍ കണ്ട് സംസാരിക്കാനുണ്ടെന്നും അറിയിച്ചതനുസരിച്ച് വിവരം ജ്യേഷ്ഠനെ ഉണര്‍ത്തിച്ചു. ഇരുവരും ചേര്‍ന്നാണ് താപസനെ സ്വീകരിപ്പാനെത്തിയത്.


'' രഹസ്യമായ ഒരു വൃത്താന്തം എനിക്ക് അറിയിപ്പാനുണ്ട്. അതിന് ആരും കടന്നു വരാത്ത ഒരു ഇടം വേണം '' താപസന്‍ ജ്യേഷ്ഠനോട് ആവശ്യപ്പെട്ടു '' നാം തമ്മിലുള്ള സംഭാഷണത്തിനിടയ്ക്ക് ആരും അവിടേക്ക് കടന്നു വരരുത്. അതിനായി വിശ്വസ്തനായ ഒരാളെ കാവലിന്ന് നിയോഗിക്കണം. ഇനി ആരെങ്കിലും അകത്തേക്ക് വന്നാലോ, ഉത്തരവ് ലംഘിച്ചതിന് കാവല്‍ നിന്നവനെ വധിക്കണം ''.


'' അതിനെന്താ. എന്‍റെ അനുജന്‍ ലക്ഷ്മണകുമാരനെ തന്നെ മന്ത്രശാലയുടെ വാതില്‍ക്കല്‍ കാവല്‍ നിര്‍ത്തുന്നുണ്ട് '' അതിഥിയുടെ വാക്കുകള്‍ മാനിച്ച് ചുമതല ജ്യേഷ്ഠന്‍ ഏല്‍പ്പിക്കുകയായിരുന്നു.


അകലെ നായ്ക്കള്‍ ഓരിയിടുന്നുത് കേള്‍ക്കാനുണ്ട്. ഗോപുരത്തിന്‍റെ മുകളിലിരുന്ന് കാലന്‍കോഴി കരയുന്നു. താമസിയാതെ അരുതാത്തതെന്തോ സംഭവിക്കാന്‍ പോവുന്നതായി ഒരു ഉള്‍വിളി തോന്നി. മരണം അടുക്കുമ്പോള്‍ ദുശ്ശകുനങ്ങള്‍ ഉണ്ടാകുമെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. ഊരിപിടിച്ച വാള്‍ കയ്യില്‍ നിന്ന് താഴെ വീഴാന്‍ പോവുകയാണോ ?


അല്‍പ്പ ദിവസങ്ങള്‍ക്ക് മുമ്പ് ജ്യേഷ്ഠന്‍ പറഞ്ഞത് മനസ്സിലെത്തി. മുന്‍കൂട്ടി നിശ്ചയിച്ച കാര്യങ്ങള്‍
ചെയ്തു തീര്‍ക്കാനാണത്രേ ഭൂമിയില്‍ ഓരോ ജീവിയും പിറക്കുന്നത്. അത് നിര്‍വ്വഹിച്ചു കഴിഞ്ഞാല്‍
ഭൂമിയിലെ വാസം അവസാനിക്കും. നമുക്ക് ഇനിയൊന്നും ചെയ്യാനില്ലെന്ന് അതോടൊപ്പം ജ്യേഷ്ഠന്‍ പറഞ്ഞത് എന്തിനാണ്. ഒരുപക്ഷെ ഈ ലോകം വിടാനുള്ള സമയം അടുത്തിരിക്കും. എങ്കില്‍ അതിന് ഒരുങ്ങുക തന്നെ. വിധിയെ തോല്‍പ്പിക്കാന്‍ ആര്‍ക്കും ആവില്ലല്ലോ.


ചിന്തകള്‍ കാടു കാടുകയറുകയാണ്. ജീവന്‍ ഇല്ലാതാവുന്നതോടെ എല്ലാം അവസാനിക്കുന്നില്ല എന്ന് പറയപ്പെടുന്നു. കര്‍മ്മഫലങ്ങള്‍ ഒപ്പമുണ്ടാവുമത്രേ. അങ്ങിനെയെങ്കില്‍ എന്താണ് തനിക്ക് കൂട്ടായിട്ട് ഉണ്ടാവുക. ഇക്കാലമത്രയും സ്വന്തം ഇഷ്ടത്തിന് ഒന്നും ചെയ്തിട്ടില്ല. ജ്യേഷ്ഠന്‍റെ നിഴലായി നടന്നു. അദ്ദേഹം പറഞ്ഞത് ചെയ്തു. പക്ഷെ മുഖത്ത് ക്ഷതമേറ്റ് കരഞ്ഞുകൊണ്ട് ഓടി പോവുന്ന സ്ത്രിയും കാട്ടില്‍ ഉപേക്ഷിച്ചപ്പോള്‍ തകര്‍ന്ന ഹൃദയത്തോടെ മെല്ലെ നടന്നു നീങ്ങിയ മറ്റൊരു സ്ത്രിയും എന്നും വേദനിപ്പിക്കുന്ന ഓര്‍മ്മകളായിരുന്നു.


ദുര്‍വ്വാസാവു മഹര്‍ഷി ഗോപുര ദ്വാരത്തിലേക്ക് നടന്നടുക്കുന്നത് കണ്ടു. വേഗം ഇരു കയ്യും കൂപ്പി അടുത്തേക്ക് ചെന്ന് അദ്ദേഹത്തെ വന്ദിച്ചു.


'' ശ്രീരാമനെ കാണാന്‍ വന്നതാണ് ഞാന്‍. കാത്തു നില്‍ക്കാന്‍ എനിക്ക് നേരമില്ല. ഗോപുരവാതില്‍ തുറന്ന് എന്നെ കടത്തി വിടുക '' മഹര്‍ഷിയുടെ വാക്കുകള്‍ മനസ്സില്‍ ഭീതി വളര്‍ത്തി.


'' മഹാമുനേ, അദ്ദേഹം മറ്റൊരു താപസനുമായി രഹസ്യ സംഭാഷണത്തിലാണ്. അത് കഴിയും വരെ ആരേയും അകത്തേക്ക് കടത്തി വിടരുത് എന്നാണ് ഉത്തരവ് '' വിനയപൂര്‍വ്വം മുനിയെ ബോധിപ്പിച്ചു.


'' എന്നെ തടഞ്ഞു നിര്‍ത്തിയാല്‍ '' മുനി കോപം കൊണ്ട് വിറച്ചു '' സൂര്യവംശത്തെ ഒട്ടാകെ ഞാന്‍ ശപിച്ച് ഇല്ലാതാക്കും ''.

വെള്ളിടിയുടെ മട്ടിലായിരുന്നു ആ വാക്കുകള്‍. മഹര്‍ഷിയെ അകത്തേക്ക് പോവാന്‍ അനുവദിച്ചാല്‍ സ്വന്തം മരണമാണ് ഫലം . സമ്മതിച്ചില്ലെങ്കിലോ മഹര്‍ഷി വംശം ഒന്നാകെ നശിപ്പിക്കും. അതിലും ഭേദം സ്വയം ഇല്ലാതാവുകയാണ്. മഹര്‍ഷിക്ക് കവാടം തുറന്നു കൊടുത്തു. അദ്ദേഹം അകത്തേക്ക് പോവുന്നതും നോക്കി അല്‍പ്പ നേരം നിന്നു.


ഉത്തരവ് ലംഘിച്ചതിനുള്ള ശിക്ഷ ജ്യേഷ്ഠന് നടപ്പിലാക്കേണ്ടതുണ്ട്. അദ്ദേഹത്തിന്ന് അതിന്ന് കഴിയുമോ. നിശ്ചയമായും ഇല്ല. ഭ്രാതൃസ്നേഹത്താല്‍ അദ്ദേഹം സത്യ ലംഘനം ചെയ്തേക്കും അങ്ങിനെ സംഭവിച്ചു കൂടാ. ഒറ്റ മാര്‍ഗ്ഗമേയുള്ളു. ഉറച്ച കാല്‍വെപ്പുകളോടെ ഇറങ്ങി നടന്നു.


സരയൂ നദിയിലേക്ക് ലക്ഷ്മണന്‍ എടുത്തു ചാടി. തണുത്ത വെള്ളത്തില്‍ സുമിത്രയുടെ പുത്രന്‍ എന്ന വല്‍ക്കലം അലിഞ്ഞലിഞ്ഞ് ഇല്ലാതായി. ശ്രിരാമന്‍ നദിയില്‍ ശരീരം ഉപേക്ഷിക്കുന്നതും വിഷ്ണുരൂപം പ്രാപിക്കുന്നതും കാത്ത് ആദിശേഷന്‍ എന്ന ശയ്യ ഒരുങ്ങി നിന്നു.


( ശ്രീരാമപാദങ്ങളില്‍ സാഷ്ടാംഗം പ്രണാമം ചെയ്യുന്നു )

Tuesday, August 14, 2012

നിഴലായ് എന്നുമൊപ്പം - അദ്ധ്യായം - 31.

പൂവിതള്‍ - 31.

യാഗം പര്യവസാനിച്ചു എല്ലാവരും പിരിഞ്ഞുപോയി. അവശേഷിക്കുന്നത് വേദനിക്കുന്ന ഓര്‍മ്മകള്‍ മാത്രം. ജ്യേഷ്ഠന്‍ മിക്കവാറും മൌനത്തിലാണ്. രാജ്യകാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിന്നു യാതൊരു കുറവും വരുത്തിയിട്ടില്ല. എന്തെങ്കിലും സംസാരിക്കാറുള്ളത് ഭരണ സംബന്ധമായ ആവശ്യങ്ങള്‍ക്കു മാത്രം. ലവന്‍റേയും കുശന്‍റേയും സാന്നിദ്ധ്യമാണ് ഏക സന്തോഷം.


ലക്ഷ്മണന്‍ മെല്ലെ കൊട്ടാര വാതില്‍ക്കലേക്ക് ചെന്നു. കവാടത്തിനപ്പുറത്ത് ഭൂമിയ്ക്ക് ഒരു മാറ്റവും ഇല്ല. ജ്യേഷ്ഠത്തിയെ ഒടുവില്‍ കാണുന്നത് ഇവിടെയാണ്. ഓര്‍മ്മയില്‍ എന്നെന്നും നിലനില്‍ക്കുന്ന രംഗം. കണ്‍മുന്നില്‍ ഇപ്പോഴും ആ ദൃശ്യം ഉള്ളതുപോലെ.


യാഗം തുടങ്ങുന്ന ദിവസം ജ്യേഷ്ഠത്തിയേയും കുട്ടികളേയും കൂട്ടി എത്താമെന്ന് വാത്മീകി മഹര്‍ഷി പറഞ്ഞതനുസരിച്ച് രാവിലെ മുതല്‍ക്കേ അവരുടെ ആഗമനം പ്രതീക്ഷിച്ചിരിക്കുകയാണ് എല്ലാവരും. ചടങ്ങുകള്‍ തുടങ്ങാനിരിക്കവേ ആ നല്ല വാര്‍ത്തയെത്തി. ജ്യേഷ്ഠത്തിയും പുത്രന്മാരും മഹര്‍ഷിയും പരിവാരങ്ങളുമൊപ്പം എത്തുന്നു. അവരെ സ്വീകരിക്കാന്‍ ഗോപുരദ്വാരത്തിലേക്ക് ജ്യേഷ്ഠനോടൊപ്പം എല്ലാവരും ധൃതിയില്‍ ചെന്നു.


മൂന്നു മാതാക്കന്മാര്‍, സ്വന്തം സഹോദരിമാര്‍, ഭര്‍ത്തൃസഹോദരന്മാര്‍, ജനക മഹാരാജാവ്, വസിഷ്ഠ മഹര്‍ഷിയടക്കം ഒട്ടനവധി താപസ ശ്രേഷ്ഠന്മാര്‍, അമാത്യന്മാര്‍, ഹനുമാന്‍, സുഗ്രീവന്‍, അംഗദന്‍ തുടങ്ങി കിഷ്ക്കിന്ധയില്‍ നിന്ന് എത്തിയ വാനര സംഘം, ലങ്കയില്‍ നിന്നു വന്ന വിഭീഷണനും പരിവാരങ്ങളും, അയോദ്ധ്യയിലെ പൌരന്മാര്‍ എന്നിങ്ങനെ നിരവധി പേരുടെ മുന്നിലേക്ക് സംഘം എത്തിച്ചേര്‍ന്നു.


'' എല്ലാവരും അകത്തേക്ക് വരുവിന്‍ '' സ്വീകരിക്കാന്‍ ചെന്നതാണ്.


'' വരട്ടെ '' ജ്യേഷ്ഠത്തി പറഞ്ഞു '' അതിനു മുമ്പ് ചിലത് ചെയ്യാനുണ്ട് ''. അവര്‍ അരികിലുള്ള മക്കളെ മുന്നിലേക്ക് നീക്കി.


'' നിങ്ങളെ അമ്മ നിങ്ങളുടെ പിതാവിനെ ഏല്‍പ്പിക്കുകയാണ്. രണ്ടാളും അദ്ദേഹത്തിന്‍റെ അടുത്തേക്ക് ചെല്ലുവിന്‍ ''. കുട്ടികള്‍ ജ്യേഷ്ഠനെ സമീപിച്ചു. അദ്ദേഹം അവരെ ആശ്ലേഷിക്കുന്നതു കണ്ടിട്ട് കണ്ണ് നിറഞ്ഞു.


'' ജ്യേഷ്ഠത്തി വരൂ. എല്ലാവരും കാത്തിരിക്കുകയാണ് '' സ്നേഹപൂര്‍വ്വം ക്ഷണിച്ചതാണ്.


'' ആരെ? എന്നേയോ. വനത്തില്‍ ഉപേക്ഷിക്കപ്പെട്ടവളല്ലേ ഞാന്‍. ആര്‍ക്കാണ് എന്നെ കാണണമെന്ന് ആഗ്രഹമുള്ളത്. കഴിഞ്ഞ ഒരു വ്യാഴവട്ട കാലത്തിനിടയ്ക്ക് അവരെയൊന്നും കണ്ടില്ലല്ലോ. ഞാന്‍ പതിതയാണെന്ന് അയോദ്ധ്യയിലെ ചില ജനങ്ങള്‍ക്ക് തോന്നിയിരിക്കാം. എന്നാല്‍ അങ്ങിനെയല്ല എന്ന് ബോദ്ധ്യമുള്ളവര്‍ എന്താ ചെയ്തത്. എന്തിന് എന്‍റെ പിതാവു പോലും ഒരിക്കലും എന്നെ അന്വേഷിച്ചില്ലല്ലോ ''.



'' അതിനുള്ള കാരണം നിനക്ക് അറിവുള്ളതാണല്ലോ '' ജനകന്‍ പറഞ്ഞു '' ജനഹിതം മാനിക്കണ്ടേ. രാജവംശത്തിന്‍റെ സല്‍പ്പേര് നില നിര്‍ത്തണ്ടേ ''.

'' അപ്പോള്‍ അത്രയേ ഉള്ളു എന്നോടുള്ള സ്നേഹം. അതിലും വലുതായി നിങ്ങള്‍ക്കൊക്കെ മറ്റു പലതും ഉണ്ട്. എന്നെങ്കിലും എന്നെ അന്വേഷിച്ച് ആരെങ്കിലും എത്തുമെന്ന് കരുതിയിരുന്നു. ലക്ഷ്മണകുമാരനോടൊപ്പം തേരില്‍ വന്ന് ഇറങ്ങിയ സ്ഥലത്ത് ചെന്ന് ചിലപ്പോഴൊക്കെ ദൂരേക്ക് നോക്കി നില്‍ക്കും, ആരെങ്കിലും വരുന്നുണ്ടോ എന്ന് അറിയാനായിട്ട്. കരിയിലകള്‍ ഇളകുന്ന ശബ്ദം കേട്ടാല്‍ പര്‍ണ്ണശാലയ്ക്ക് പുറത്തേക്ക് ഓടും, എന്നെ കാണാന്‍ എത്തുന്ന ബന്ധുക്കളെ സ്വീകരിക്കാന്‍. ഞാനൊരു വിഡ്ഢി. പ്രതിമയാണെങ്കില്‍പോലും യാഗത്തില്‍ എനിക്കു പകരം
വെക്കാന്‍ ഒന്നിനെ കണ്ടെത്തിയല്ലോ. ഇനി എനിക്ക് ഇവിടെ എന്തു സ്ഥാനം ''.



ആര്‍ക്കും ഒന്നും പറയാനില്ല. ജ്യേഷ്ഠത്തി പറഞ്ഞത് മുഴുവന്‍ ശരിയാണ്.


'' കഴിഞ്ഞത് കഴിഞ്ഞില്ലേ. ഇനി അതിനെക്കുറിച്ച് ചിന്തിക്കേണ്ടാ '' പിന്നില്‍ നിന്ന് ആരോപറയുന്നത് കേട്ടു. മുനിമാര്‍ ആരെങ്കിലുമാവണം.


'' അതെ. കഴിഞ്ഞതെല്ലാം കഴിഞ്ഞു. പ്രതീക്ഷിക്കാന്‍ ഒന്നുമില്ലാത്ത അനാഥ എന്ന അവസ്ഥ ഇവിടെ അവസാനിക്കുകയാണ് ''. വിഷമം പറഞ്ഞു തീര്‍ത്ത് മക്കളോടൊപ്പം അവര്‍ വരികയാണെന്നാണ് ആ വാക്കുകള്‍ കേട്ടപ്പോള്‍ തോന്നിയത്. പക്ഷെ അതല്ല ഉണ്ടായത്.


'' ഇനി ഒരു പരീക്ഷണത്തിന്ന് ഞാനില്ല '' അവര്‍ കുനിഞ്ഞ് ഭൂമിയെ സ്പര്‍ശിച്ചു '' അമ്മേ, ഭൂമിദേവി. എന്നോട് കരുണയുണ്ടെങ്കില്‍ ഈ നിമിഷം എന്നെ സ്വീകരിക്കണം ''.


വല്ലാത്തൊരു മുരള്‍ച്ച ഭൂമിക്കടിയില്‍ നിന്ന് ഉയര്‍ന്നു. പെട്ടെന്ന് ഭൂമി പിളര്‍ന്നു. കണ്ണഞ്ചിപ്പിക്കുന്ന പ്രകാശം ചുറ്റിലും പരന്നു. അതില്‍ നിന്ന് ദിവ്യാലങ്കാരത്തോടെ ഒരു സ്ത്രീരൂപം ഉരുത്തിരിഞ്ഞു. ജ്യേഷ്ഠത്തിയുടെ കയ്യും പിടിച്ച് അവര്‍ ആ ഗര്‍ത്തത്തില്‍ മറഞ്ഞു. ഒരു അടയാളം പോലും ബാക്കി വെക്കാതെ ഭൂമി പഴയ മട്ടിലായി. കൂട്ടക്കരച്ചില്‍ ഉയര്‍ന്നു.


ഓര്‍ക്കുംതോറും സങ്കടം പെരുകുകയാണ്. ജ്യേഷ്ഠത്തിയുടെ അന്തര്‍ദ്ധാനം ഒരു മുറിവായി എന്നും
അവശേഷിക്കും.


'' ഊര്‍മ്മിള രാജകുമാരി അന്വേഷിക്കുന്നതായി തോഴി വന്നു പറഞ്ഞു '' തിരിഞ്ഞു നോക്കീയപ്പോള്‍ ഒരു സേവകനാണ്. മെല്ലെ അന്തപ്പുരത്തിലേക്ക് നടന്നു.


'' വാതില്‍ക്കല്‍ വെറുതെ നില്‍ക്കുകയാണെന്ന് കേട്ടു '' ഊര്‍മ്മിള പറഞ്ഞു.


'' ഓരോന്ന് ആലോചിച്ച് അങ്ങിനെ നിന്നു ''.


'' എന്തിനെക്കുറിച്ചാണെന്ന് എനിക്ക് ഊഹിക്കാനാവും. മാസം രണ്ട് കഴിഞ്ഞില്ലേ. ഇനിയും അത് ആലോചിച്ചു നടക്കണോ ''.


'' മറക്കാന്‍ കഴിയുന്നില്ല ''.


'' മറന്നല്ലേ പറ്റു ''.


'' ഒക്കെ ഒരുവിധം ശരിയായതാണ്. അപ്പോഴാണ് ജ്യേഷ്ഠത്തി പെട്ടെന്ന് എല്ലാം അവസാനിപ്പിച്ചത്. ജ്യേഷ്ഠന് ഒരു അവസരം കൊടുക്കായിരുന്നു. ഭാര്യയും മക്കളുമൊത്തുള്ള ജീവിതം വേണമെന്ന് അദ്ദേഹത്തിന്ന് ആഗ്രഹം കാണില്ലേ ''.


'' അത് ഒരു വശം. ജ്യേഷ്ഠത്തിയുടെ ഭാഗത്തു നിന്ന് ചിന്തിച്ചാലോ. അഗ്നിയില്‍ ചാടി കളങ്കമില്ലെന്ന് തെളിയിച്ചിട്ടും പിന്നീട് അതേ കുറ്റത്തിന്ന് അവരെ പരിത്യജിച്ചത് ശരിയാണെന്ന് പറയാനാവുമോ. കളങ്കപ്പെട്ട അഹല്യക്ക് ജ്യേഷ്ഠന്‍ പാപമോക്ഷം നല്‍കിയില്ലേ. സ്വന്തം പത്നിയുടെ കാര്യത്തില്‍ ആ സമീപനം എടുത്തില്ലല്ലോ ''.


'' ജ്യേഷ്ഠന്‍ രാജാവല്ലേ. പ്രജാതാല്‍പ്പര്യത്തിനല്ലേ മുന്‍തൂക്കം വേണ്ടത് ''.


'' അല്ല എന്ന് ഞാന്‍ പറയില്ല. പക്ഷെ പതിവ്രതയായ സ്ത്രീക്ക് സ്വന്തം ചാരിത്ര്യത്തെ ആര് ചോദ്യം ചെയ്താലും അത് സഹിക്കാനാവില്ല ''.


'' എന്തായാലും ഈ ദുഃഖം ഒരു കാലത്തും തീരില്ല ''.


'' അങ്ങിനെയൊന്നും കരുതരുത്. തടാകത്തില്‍ ഒരു കുടം പാല് ഒഴിച്ചാല്‍ കുറേശ്ശയായി അത് അലിഞ്ഞലിഞ്ഞ് ഇല്ലാതാവുന്നതുപോലെ ഏത് ദുഖവും ക്രമേണ ഇല്ലാതാവും ''.


ലക്ഷ്മണന്‍ പത്നിയുടെ മുഖത്തേക്ക് നോക്കി. ആശ്വാസം പകരുന്ന ഒരു പുഞ്ചിരി അവിടെ കണ്ടു.

Monday, August 13, 2012

നിഴലായ് എന്നുമൊപ്പം - അദ്ധ്യായം - 30.

പൂവിതള്‍ - 30.

'' അശ്വമേധയാഗത്തിലെ ഒരു പ്രധാന ഘടകം യാഗാശ്വമാണ് '' വസിഷ്ഠ മഹര്‍ഷി സുഗ്രീവാദികളെ പറഞ്ഞു മനസ്സിലാക്കുകയാണ് '' യാഗാശ്വത്തിനെ സ്വതന്ത്രമായി സഞ്ചരിക്കാന്‍ വിടും. അത് കടന്നു പോകുന്ന ഇടങ്ങളിലെ രാജാക്കന്മാര്‍ യാഗം ചെയ്യുന്ന രാജാവിന്‍റെ മേല്‍ക്കോയ്മ അംഗീകരിച്ചതായി കണക്കാക്കും. അതിന് തയ്യാറല്ലാത്തവര്‍ കുതിരയെ പിടിച്ചു കെട്ടും. അതോടെ രണ്ടു രാജ്യങ്ങളും തമ്മില്‍ യുദ്ധമാവും. അതിനാല്‍ എല്ലാവരും തന്‍റെ മേല്‍ക്കോയ്മ അംഗീകരിക്കുമെന്ന ഉറപ്പുള്ളവര്‍ മാത്രമേ അശ്വമേധത്തിന്ന് ഒരുങ്ങുകയുള്ളു ''.


'' യാഗാശ്വമാണെന്ന് എങ്ങിനെയാണ് ആളുകള്‍ അറിയുക '' വിഭീഷണന്‍ സംശയം ചോദിച്ചു.


'' യാഗാശ്വത്തിന്‍റെ കഴുത്തിലെ സ്വര്‍ണ്ണമാലയില്‍ ഒരു സ്വര്‍ണ്ണത്തകിട് കോര്‍ത്തിട്ടുണ്ടാവും. യാഗം നടത്തുന്ന രാജാവിന്‍റെ പേര് ആ തകിടില്‍ ആലേഖനം ചെയ്തിട്ടുണ്ടാവും. കൂടാതെ യാഗാശ്വത്തെ തടയുന്നവരെ ശത്രുവായി കണക്കാക്കുമെന്ന മുന്നറിയിപ്പും അതിലുണ്ടാവും ''.


അശ്വമേധയാഗം നടത്തുന്നതിനെ സംബന്ധിച്ച് ആലോചിക്കാന്‍ കൂടിയതാണ് എല്ലാവരും. സീതയെ ത്യജിച്ചതിന്നു ശേഷം ഉറക്കത്തിലാണ്ട അയോദ്ധ്യ ആലസ്യം തീര്‍ന്ന് എഴുന്നേറ്റ സമയമാണ്.


'' യാഗാശ്വത്തെ ശത്രുഘനും പരിവാരങ്ങളും അനുഗമിക്കട്ടെ. അവര്‍ക്ക് സഹായം വേണ്ട ഘട്ടത്തില്‍ ഹനുമാന്‍ ഉണ്ടാവണം '' ശ്രീരാമന്‍ കല്‍പ്പിച്ചു '' എന്നിട്ടും പോരെങ്കില്‍ ലക്ഷ്മണന്‍ എത്തും. അതിനു ശേഷം ഭരതനും ഒടുവില്‍ ഞാനും ഉണ്ടാവും ''.


'' അതിന്‍റെയൊന്നും ആവശ്യം ഉണ്ടാവുകയില്ല '' സുഗ്രീവന്‍ പറഞ്ഞു '' ശ്രീരാമന്‍റെ യാഗാശ്വമാണ് എന്ന് അറിയുന്ന ആരും അതിനെ തടയാന്‍ മുതിരുകയില്ല ''.


'' യാഗശാല, യാഗത്തില്‍ സംബന്ധിക്കാനെത്തുന്ന രാജാക്കന്മാര്‍ക്ക് താമസിക്കാനുള്ള വസതികള്‍ എന്നിവ ഭരതന്‍റെ മേല്‍നോട്ടത്തില്‍ നിര്‍മ്മിക്കട്ടെ '' ശ്രീരാമന്‍ ആ ചുമതലയും ഏല്‍പ്പിച്ചു.


യാഗാശ്വം പുറപ്പെട്ടു. കുതിരയുടെ കുറച്ചു പുറകിലായി നാലോ അഞ്ചോ അനുചരന്മാര്‍ നടക്കും. ശത്രുഘ്നനും മറ്റുള്ളവരും എവിടെയെങ്കിലും തങ്ങും. കുറെ നേരം കഴിയുമ്പോള്‍ ശത്രുഘ്നന്‍റെ രഥം പുറപ്പെടും. കൂടെയുള്ളവര്‍ ഒപ്പം പോരും. അശ്വത്തിന്‍റെ അടുത്തെത്തിയാല്‍ വീണ്ടും വിശ്രമം. ഒരു തടസ്സവുമില്ലാതെ യാത്ര നിര്‍വിഘ്നം തുടര്‍ന്നു.


താപസകുമാരന്മാരെന്ന് തോന്നിക്കുന്ന രണ്ടു ബാലന്മാര്‍ യാഗാശ്വത്തെ പിടിച്ചു കെട്ടിയതും ചോദ്യം ചെയ്യാന്‍ ചെന്ന പരിചാരകരെ എതിര്‍ത്തു തോല്‍പ്പിച്ചതും അവരോട് പോരിനിറങ്ങിയ ശത്രുഘ്നന്‍ ശസ്ത്ര പ്രയോഗമേറ്റ് ബോധരഹിതനായതും അറിഞ്ഞ ഉടനെ ഹനുമാന്‍ പുറപ്പെട്ടു.


സാധാരണ ബാലന്മാര്‍ക്ക് ചെയ്യാനാവുന്ന കാര്യമല്ല താപസ കുമാരന്മാര്‍ ചെയ്തത് എന്ന് ഹനുമാന്‍ ഓര്‍ത്തു. യുദ്ധത്തില്‍ അവരെ തോല്‍പ്പിക്കാനാവും. അത് കൂടാതെ കഴിക്കണം. കുട്ടികളോട് യുദ്ധം ചെയ്തു എന്ന ദുഷ്പേര് ഉണ്ടാവാനിടയുണ്ട്.


വിചാരിച്ച മട്ടിലല്ല കാര്യങ്ങള്‍. കുതിരയെ അനുഗമിച്ച മിക്കവരും മരിച്ചിരിക്കുന്നു. ഒരുപാട്പേര്‍ക്ക് മുറിവ് പറ്റിയിട്ടുണ്ട്. ശത്രുഘ്ന കുമാരന് ഇനിയും ബോധം തെളിഞ്ഞിട്ടില്ല. എന്താണ് ചെയ്യേണ്ടത്. ആദ്യം മുനികുമാരന്മാരെ കണ്ടെത്തണം. കുറച്ചകലെ മരച്ചുവട്ടില്‍ രണ്ടു ബാലന്മാര്‍ കളിക്കുന്നുണ്ട്. തീരെ ചെറിയ കുട്ടികളാണവര്‍. കഷ്ടിച്ച് പത്തോ പന്ത്രണ്ടോ വയസ്സ് കാണും. അവരോട് ചോദിക്കാം.


അടുത്തു ചെന്നതും കുട്ടികള്‍ കളി നിര്‍ത്തി. അവരുടെ മുഖത്തേക്ക് ഒന്ന് നോക്കിയതേയുള്ളു. ഒരു മിന്നല്‍പിണര്‍ ശരീരത്തിലൂടെ കടന്നുപോയതുപോലെ. ശ്രീരാമദേവന്‍ ബാലകന്മാരുടെ രൂപത്തില്‍ മുന്നിലെത്തിയതാണോ. ദൈവമേ ഇങ്ങിനേയും സാമ്യം ഉണ്ടാവുമോ.


കുട്ടികളെ വേദനിപ്പിക്കില്ല എന്നുറപ്പിച്ചു. പക്ഷെ ഇവരുമായി ചെറുതായി പോരാടണം. എന്നാലേ തോറ്റുകൊടുക്കാനാവൂ.


'' ആരാണ് യാഗാശ്വത്തെ പിടിച്ചു കെട്ടിയത് '' ഗൌരവത്തിലാണ് ചോദിച്ചത്.


'' ഞങ്ങള്‍ തന്നെ '' കൂസലില്ലാത്ത മറുപടി.


'' അശ്വത്തിന്‍റെ കഴുത്തിലുള്ള ലിഖിതം കണ്ടില്ലേ. അതിനെ പിടിച്ചു കെട്ടുന്നവര്‍ മഹാരാജാവിന്‍റെ ശത്രുക്കളാണ്. വേഗം അഴിച്ചു വിടിന്‍. അല്ലെങ്കില്‍ പ്രത്യാഘാതം നേരിടാന്‍ ഒരുങ്ങി കൊള്ളുക ''.


'' ഞങ്ങള്‍ എന്തിനും തയ്യാര്‍ '' കുട്ടികള്‍ വില്ലെടുത്തു കഴിഞ്ഞു. ഇവരെ ഒന്ന് പ്രകോപിപ്പിക്കണം. എന്നാലേ ഉദ്ദേശിച്ച കാര്യം നടക്കൂ. വലിയൊരു വൃക്ഷം പിഴുതെടുത്തു. അത് പൊങ്ങുന്നതിന്ന് മുമ്പ് വില്ലിന്‍റെ ഞാണ്‍ വലിഞ്ഞു മുറുകി. മനസ്സില്‍ ശ്രീരാമനെ ധ്യാനിച്ചു. പറന്നെത്തിയ ബാണം
പാശമായി മാറി. ബന്ധനസ്ഥനായി നില്‍ക്കുമ്പോള്‍ ഉള്ളില്‍ ആഹ്ലാദം നിറയുകയായി.


കൂടെ വന്നവര്‍ രാജധാനിയിലേക്ക് വിവരം അറിയിക്കാന്‍ ഓടി. കുട്ടികള്‍ കളി നിര്‍ത്തി.


'' നമുക്ക് ചെന്ന് അമ്മയോടു വിവരം പറയാം '' ഇരുവരും നടന്നകന്നു. ഇതുതന്നെയാണ് വേണ്ടത്. മോഹിച്ച മുഹൂര്‍ത്തം ആവാറായി. സീതാദേവി ഇപ്പോഴെത്തും.


പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു. മക്കളോടൊപ്പം അവര്‍ വരികയാണ്.


'' അയ്യോ, ഹനുമാനല്ലേ ഇത് '' അവര്‍ തലയില്‍ കൈവെച്ചു '' അവിവേകം കാട്ടിയതിന് ഭവാന്‍ എന്‍റെ മക്കളോട് പൊറുക്കണേ ''.


'' എനിക്ക് കുട്ടികളെ കണ്ടതും മനസ്സിലായി '' ചിരിച്ചുകൊണ്ട് പറഞ്ഞു.


'' കുമാരന്മാരേ, സമുദ്രം ചാടികടന്ന് ലങ്കയിലെത്തി തടവിലായ എന്നെ ആശ്വസിപ്പിച്ച ഹനുമാനെപ്പറ്റി അമ്മ പറയാറില്ലേ. ഇദ്ദേഹമാണ് അത്. വേഗം കെട്ടഴിച്ചു വിടിന്‍ ''.


'' വേണ്ടാ. ഒരു പാശത്തിനും എന്നെ ബന്ധിക്കാനാവില്ല. അത് എപ്പോഴേ അഴിഞ്ഞു ''. മുഖത്ത് വെള്ളം തളിച്ചതോടെ ശത്രുഘ്നന്‍ എഴുന്നേറ്റു.


വാത്മീകി മഹര്‍ഷി ശിഷ്യരോടൊപ്പം എത്തി. ലക്ഷ്മണകുമാരന്‍ കൂടി എത്തിയതോടെ സന്തോഷം നിറഞ്ഞ സമാഗമവേദിയായി ആശ്രമ പരിസരം മാറി.


'' എല്ലാവരും യാഗത്തിനെത്തണം '' ലക്ഷ്മണന്‍ വാത്മീകിയോട് പറഞ്ഞു.


'' യാഗത്തിന് രാജാവിനോടൊപ്പം പട്ടമഹിഷി ഇരിക്കേണ്ടതല്ലേ '' സീത ചോദിച്ചു.


'' ജ്യേഷ്ഠത്തിയുടെ സ്വര്‍ണ്ണപ്രതിമ അതിനായി നിര്‍മ്മിച്ചിട്ടുണ്ട് ''.


'' അത് നന്നായി. എനിക്കു പകരം എന്‍റെ പ്രതിമയെങ്കിലുമുണ്ടല്ലോ. എങ്കിലും ഞാന്‍ വരാം. എന്‍റെ കൈവശം അദ്ദേഹത്തിനെ ഏല്‍പ്പിക്കാന്‍ രണ്ട് മുത്തുകളുണ്ട്. അതുമായി ഞാന്‍ എത്തും ''.


യാഗാശ്വത്തിനെ കുട്ടികള്‍ അഴിച്ചു വിട്ടു. ലക്ഷ്മണനും ശത്രുഘ്നനും കുട്ടികളെ ഗാഢമായി ആശ്ലേഷിച്ചു. കുതിര നടന്നു നീങ്ങി. പുറകെ എല്ലാവരും നടന്നു.

Sunday, August 12, 2012

നിഴലായ് എന്നുമൊപ്പം - അദ്ധ്യായം - 29.

പൂവിതള്‍ - 29.

സുമന്ത്രരുടെ കയ്യിലെ ചമ്മട്ടി വായുവില്‍ പുളഞ്ഞുലഞ്ഞു. കുതിരകള്‍ ഓട്ടം തുടങ്ങി. ലക്ഷ്മണന്‍ തിരിഞ്ഞു നോക്കി. അകന്നുപോവുന്ന രഥത്തിനേയും നോക്കിക്കൊണ്ട് ജനാലയുടെ അരികിലായി ജ്യേഷ്ഠന്‍ നില്‍ക്കുകയാണ്. അദ്ദേഹത്തിന്‍റെ മനസ്സിലെ നീറ്റല്‍ ആരും അറിയുന്നില്ല. സംഭവിക്കാന്‍പോവുന്ന ദുര്യോഗം അറിയാതെ ജ്യേഷ്ഠത്തി ആഹ്ലാദത്തോടെ പുറകിലിരിക്കുന്നുണ്ട്. ജ്യേഷ്ഠന്‍റെ ജീവിതത്തില്‍ നിന്ന് സന്തോഷം എന്നെന്നേക്കുമായി പടിയിറങ്ങുന്നു. എന്തൊരു ദുര്യോഗമാണിത്.


രഥത്തിന്‍റെ ചക്രങ്ങള്‍ മുന്നോട്ട് ഉരുളുന്നതിനോടൊപ്പം മനസ്സ് പുറകിലേക്ക് കുതിക്കുന്നു. ലങ്കയില്‍നിന്ന് പോന്നശേഷം ഇന്നലെവരെ ദുഖം എന്താണെന്ന് അറിഞ്ഞിട്ടില്ല. എത്ര ആര്‍ഭാടത്തോടെയാണ് ജ്യേഷ്ഠന്‍റെ കിരീടധാരണം നടന്നത്. ദേവന്മാരും ഋഷീശ്വരന്മാരും ഒട്ടനവധി രാജാക്കന്മാരും ഒത്തു ചേര്‍ന്ന ആ മഹോത്സവം ഓര്‍മ്മയിലെ ഏറ്റവും തിളക്കമുള്ള ഏടാണ്.


ലഭിച്ച പാരിതോഷകങ്ങള്‍ക്കും കൊടുത്ത ദാനങ്ങള്‍ക്കും കണക്കില്ല. സര്‍വ്വാഭരണ വിഭൂഷിതയായി ജ്യേഷ്ഠന്ന് സമീപം ഉപവിഷ്ഠയായിരുന്ന ആള്‍ ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെട്ട് അനാഥയാവാന്‍ പോവുന്നു. എല്ലാം ഏതോ ദുരാത്മാവിന്‍റെ ദുഷിച്ച വാക്കുകളുടെ ഫലം.


പ്രജകളുടെ ക്ഷേമം മാത്രമേ ജ്യേഷ്ഠന്‍ കണക്കിലെടുത്തുള്ളു. ആര്‍ക്കെങ്കിലും പരാതി പറയാനുള്ള അവസരം ഉണ്ടായിട്ടില്ല. പ്രകൃതി ക്ഷോഭങ്ങള്‍ അയോദ്ധ്യയെ ബാധിച്ചില്ല. ഐശ്വര്യം കുമിഞ്ഞു കൂടി. ഭരണം ജ്യേഷ്ഠന് നേടിക്കൊടുത്തത് സല്‍കീര്‍ത്തി മാത്രം. രാജാവിനെപ്പറ്റിയും ഭരണത്തെപ്പറ്റിയും ജനങ്ങള്‍ക്കുള്ള അഭിപ്രായം രഹസ്യമായി അറിയുന്നതിന്ന് ചാരന്മാരെ നിയോഗിച്ചിരുന്നു. അവരില്‍ ഒരുവന്‍ കഴിഞ്ഞ ദിവസം പറഞ്ഞ വിവരമാണ് ജ്യേഷ്ഠനെ ഇത്തരത്തിലൊരു തീരുമാനം എടുക്കാന്‍ നിര്‍ബ്ബന്ധിതനാക്കിയത്.


ചാരന്മാരുമായുള്ള രഹസ്യ സംഭാഷണം കഴിഞ്ഞ ശേഷം ജ്യേഷ്ഠന്‍ വിഷാദത്തോടെ കാണപ്പെട്ടു. എന്തു ചോദിച്ചാലും '' ഒന്നുമില്ല '' എന്ന മറുപടി മാത്രം. വൈകുന്നേരം സ്വകാര്യം പറയാനുണ്ടെന്ന് പറഞ്ഞു വിളിച്ചപ്പോള്‍ എന്താണെന്ന് അറിഞ്ഞില്ല.


'' സീത ഗര്‍ഭിണിയാണല്ലോ. ഈ സമയത്ത് തോന്നുന്ന മോഹങ്ങള്‍ സാധിപ്പിച്ചു കൊടുക്കേണ്ടതാണ്. വാത്മീകി മഹര്‍ഷിയുടെ ആശ്രമത്തില്‍ ചെന്ന് അവിടുത്തെ അന്തേവാസികളെ കാണണമെന്ന് സീത ആഗ്രഹം പറയുകയുണ്ടായി ''.


'' അതിനെന്താ. നാളെത്തന്നെ കൊണ്ടുപോയി കാണിച്ചു വരാം '' മറുപടി പറഞ്ഞു.


'' അതാണ് പറയാനൊരുങ്ങുന്നത്. സീതയെ അവിടെ എത്തിച്ചാല്‍ മതി. തിരിച്ച് ഇങ്ങോട്ട് കൊണ്ടു വരേണ്ടതില്ല ''.


'' എന്താ ഈ പറയുന്നത് '' ജ്യേഷ്ഠന്‍ പറഞ്ഞത് ഉള്‍ക്കൊള്ളാനായില്ല.


'' ഞാന്‍ സീതയെ ഉപേക്ഷിക്കുകയാണ് '' മുഖത്ത് നോക്കാതെയാണ് ജ്യേഷ്ഠന്‍ അതു പറഞ്ഞത്.


'' അതിന് ജ്യേഷ്ഠത്തി എന്തു തെറ്റാണ് ചെയ്തത് '' ജ്യേഷ്ഠനെ ചോദ്യം ചെയ്യുന്ന പതിവില്ല, എന്നും അനുസരിച്ചിട്ടേയുള്ളു. എന്നിട്ടും ചോദിക്കാതിരിക്കാനായില്ല.


'' സീത ഒരു തെറ്റും ചെയ്തിട്ടില്ല ''.


'' പിന്നെന്തിനാ ഈ തീരുമാനം ''.


രാവണന്‍ കട്ടുകൊണ്ടുപോയ സീതയെ സ്വീകരിച്ച ശ്രീരാമനെപ്പോലെ നിന്നെ സ്വീകരിക്കുകയില്ല എന്ന് വൈകി വീട്ടിലെത്തിയ ഭാര്യയോട് ഒരു രജകന്‍ പറഞ്ഞതായി ചാരന്മാര്‍ ഇന്ന് ജ്യേഷ്ഠനെ അറിയിച്ചുവത്രേ.


'' ആരായാലും അവനെ വധിക്കുന്നുണ്ട് '' എന്നും പറഞ്ഞ് ഇറങ്ങാനൊരുങ്ങിയതാണ്. പക്ഷെ ജ്യേഷ്ഠന്‍ തടഞ്ഞു.


'' അതു വേണ്ടാ. അവനെ കൊന്നിട്ട് എന്താ കാര്യം. ആയിരം കുടങ്ങളുടെ വായ അടച്ചു കെട്ടാം, ഒരു മനുഷ്യന്‍റെ വായ കെട്ടാനാവില്ല എന്നു കേട്ടിട്ടില്ലേ. അവനെ വധിച്ചാല്‍ മനുഷ്യര്‍ക്ക് പറഞ്ഞു നടക്കാന്‍ മറ്റൊരു വാര്‍ത്തയാവും.രാജപത്നിയുടെ നടപടിദൂഷ്യം പറഞ്ഞതിന് ഒരു സാധുവിനെ അനുജനെ ക്കൊണ്ട് കൊല്ലിച്ചു എന്നതാവും ആ വാര്‍ത്ത ''.


'' അപ്പോള്‍ ജ്യേഷ്ഠന് വിഷമം ഒന്നും തോന്നുന്നില്ലേ ''.


'' എന്‍റെ ഹൃദയം പറിഞ്ഞു പോരുന്ന വേദനയുണ്ട്. പക്ഷെ എന്തു ചെയ്യാനാണ്. ഒരു ഭരണാധിപന് ഇഷ്ടാനിഷ്ടങ്ങളില്ല, സുഖദുഖങ്ങളുമില്ല. ഭരിക്കപ്പെടുന്നവര്‍ എന്ത് കാംക്ഷിക്കുന്നു എന്നത് മാത്രമേ ചിന്തിക്കാനുള്ളു. ഭാര്യയെ മാത്രമല്ല, കൂടപ്പിറപ്പുകളേയും എന്തിന് പെറ്റമ്മയെപോലും ത്യജിക്കാന്‍ ഭരണാധിപന്‍ സന്നദ്ധനായിരിക്കണം ''.


'' കുമാരാ, എന്താ ഇത്ര വലിയ ആലോചന '' ജ്യേഷ്ഠത്തിയുടെ സ്വരമാണ് '' എത്ര നേരമായി ഞാന്‍ ഓരോന്ന് ചോദിക്കുന്നു. ഒരക്ഷരം മറുപടി പറയാതെ എന്തോ ചിന്തിച്ചിരിപ്പാണല്ലോ ''.


'' ജ്യേഷ്ഠത്തി എന്താ ചോദിച്ചത്. ഞാനൊന്നും കേട്ടില്ലല്ലോ ''.


'' എങ്ങിനെ കേള്‍ക്കും. കുമാരന്‍ ഈ ലോകത്തൊന്നും ആയിരുന്നില്ലല്ലോ. എന്തു പറഞ്ഞാലും ശ്രദ്ധിക്കാത്ത ഭര്‍ത്താവിന്‍റെ കൂടെ കഴിയുന്നതിന്ന് ഊര്‍മ്മിളയെ സമ്മതിക്കണം ''.


വാത്മീകി ആശ്രമത്തിന്‍റെ പരിസരത്തെത്തി. സുമന്ത്രരോട് രഥം നിര്‍ത്താന്‍ ആവശ്യപ്പെട്ടു. ആശ്രമത്തിലേക്ക് ആര്‍ഭാടത്തോടെ ചെല്ലാന്‍ പാടില്ല.


'' കുമാരന്‍ ഇപ്പോള്‍ തിരിച്ചു പോയി നാളെ വന്നാല്‍ മതി. ഇന്നൊരു ദിവസം ഞാന്‍ ഇവിടെ കഴിഞ്ഞു വരാമെന്ന് ജ്യേഷ്ഠനോട് പറയണം. രാവിലെ പോരുമ്പോള്‍ എനിക്ക് ആര്യപുത്രനെ കാണാനായില്ല ''.


മനസ്സില്‍ അടക്കിവെച്ച സങ്കടം അണപൊട്ടിയൊഴുകി. എത്ര ശ്രമിച്ചിട്ടും തേങ്ങി കരയാതിരിക്കാന്‍ ആയില്ല.


''എന്തിനാ കുമാരന്‍ കരയുന്നത് '' ജ്യേഷ്ഠത്തി പരിഭ്രമിച്ചിട്ടുണ്ട്. ഒരുവിധം കാര്യം ബോദ്ധ്യപ്പെടുത്തി. ഇടിവെട്ടേറ്റ മട്ടില്‍ അവര്‍ നിന്നു. ആ കണ്ണുകള്‍ നിറഞ്ഞു കവിഞ്ഞു. ഏങ്ങലടികള്‍ ഉച്ചത്തിലായി.


'' അഗ്നിപരീക്ഷ നടത്തി കളങ്കമില്ല എന്ന് ഞാന്‍ തെളിയിച്ചതാണ്. എന്നിട്ടും എന്നെ...'' വിതുമ്പലും വാക്കുകളും ഇടകലര്‍ന്നെത്തി.


'' ജ്യേഷ്ഠനോ ഞങ്ങള്‍ക്കാര്‍ക്കെങ്കിലുമോ അത്തരം ഒരു ശങ്കയില്ല. ലോകാപവാദം ഒഴിവാക്കാന്‍
ഇതല്ലേ മാര്‍ഗ്ഗമുള്ളു ''.


കുറെനേരം അവര്‍ ഓരോന്ന് പറഞ്ഞ് കരയുകയാണ്. ഒടുവില്‍ എന്തോ നിശ്ചയിച്ച് ഉറപ്പിച്ച മട്ടില്‍ അവര്‍ മുഖം തുടച്ചു.


'' ജ്യേഷ്ഠത്തി, ഞാന്‍ എന്താണ് ചെയ്യേണ്ടത് '' അതു കണ്ടപ്പോള്‍ ചോദിച്ചു.


'' കുമാരന്‍ മടങ്ങി പൊയ്ക്കോളൂ, അവിടെ ചെന്നിട്ട് ആര്യപുത്രനോട് ഞാന്‍ പറഞ്ഞതായി ഇത്രയും പറയണം '' അവര്‍ പറഞ്ഞു '' ഭര്‍ത്താവിനെ പിരിഞ്ഞ് ഒരു നാഴിക നേരം പോലും കഴിയാനാവില്ല എന്നു കരുതിയാണ് ഞാന്‍ കാട്ടിലേക്ക് കൂടെ പോയത്. എന്നിട്ടും എനിക്ക് അദ്ദേഹത്തെ പിരിഞ്ഞ് കുറെകാലം കഴിയേണ്ടി വന്നു. അന്നൊക്കെ ഭര്‍ത്താവ് എന്നെങ്കിലും വന്ന് കൂടെ കൊണ്ടുപോകും എന്നൊരു പ്രതീക്ഷയുണ്ടായിരുന്നു. ഞാന്‍ സ്നേഹിക്കുന്ന പുരുഷനെ എന്നെന്നേക്കുമായി എനിക്ക് നഷ്ടപ്പെട്ടുവെന്ന് ഇപ്പോള്‍ അറിയുന്നു. ഇനി ഞാന്‍ ആര്‍ക്കുവേണ്ടി ജീവിക്കണം. ജീവിതം ഇപ്പോള്‍ഇല്ലാതായെങ്കില്‍ എന്ന് ഞാന്‍ ആശിക്കുകയാണ്. പക്ഷെ എന്‍റെ ഗര്‍ഭപാത്രത്തില്‍ അദ്ദേഹത്തിന്‍റെ ബീജം വളരുന്നുണ്ട്. എനിക്ക് അതിനെ പ്രസവിക്കണം, വളര്‍ത്തി വലുതാക്കണം. ശ്രീരാമന് മക്കളില്ല എന്ന കുറവ് ഉണ്ടാവാന്‍ പാടില്ല. അതുകൊണ്ടു മാത്രം സീത ആത്മത്യാഗം ചെയ്യുകയില്ല ''.


'' ജ്യേഷ്ഠത്തി, ഇടയ്ക്കൊക്കെ ആരെങ്കിലും ഇങ്ങോട്ട് ''.


'' വരാമെന്നല്ലേ ? അതു വേണ്ടാ '' പറഞ്ഞത് മുഴുമിക്കുന്നതിന്ന് മുമ്പ് അവര്‍ ഇടപെട്ടു '' ഇവിടെ ഞാന്‍ എങ്ങിനെയെങ്കിലും കഴിഞ്ഞോളാം. എനിക്ക് ആര്യപുത്രനോട് പരിഭവം ഒന്നുമില്ല. മനസ്സില്‍ പോലും ഞാന്‍ അദ്ദേഹത്തെ ശപിക്കുകയില്ല ''.


ആശ്രമത്തിലേക്ക് അവര്‍ നടക്കാന്‍ തുടങ്ങി. കണ്ണുനീര്‍ കാഴ്ചയ്ക്ക് മങ്ങലേല്‍പ്പിക്കുന്നുണ്ട്.


'' എന്താ കുമാരാ '' സുമന്ത്രരാണ്. എന്താണ് പറയേണ്ടത് എന്നറിയില്ല.


'' നമുക്ക് തിരിച്ചു പോവാം '' തിരിഞ്ഞു നോക്കാതെ അദ്ദേഹത്തിന്‍റെ പിന്നാലെ നടന്നു.

Saturday, August 11, 2012

നിഴലായ് എന്നുമൊപ്പം - അദ്ധ്യായം - 28.

പൂവിതള്‍ - 28.

'' നിര്‍ത്തുവിന്‍ '' ആഹ്ലാദാരവങ്ങള്‍ കെട്ടടങ്ങുന്നതിന്ന് മുമ്പ് ശ്രിരാമന്‍ ഇടപെട്ടു '' രാവണന്‍ നമ്മുടെ ശത്രുവായിരുന്നു. പക്ഷെ അദ്ദേഹം നമ്മുടെ മിത്രമായ വിഭീഷണന്‍റെ സഹോദരനാണെന്ന് നമ്മള്‍ ഓര്‍ക്കണം. ബന്ധുജനങ്ങളെല്ലാം മരിച്ച ദുഖത്തിലാണ് അദ്ദേഹം. അമിതമായി ജയ ഘോഷങ്ങള്‍ നമ്മള്‍ നടത്തിക്കൂടാ ''. അതോടെ ശബ്ദകോലാഹലങ്ങല്‍ നിലച്ചു.


'' രാവണന്‍റെ ജഡം ഉചിതമായ രീതിയില്‍ സംസ്ക്ക്കരിക്കണം '' അദ്ദേഹം തുടര്‍ന്നു '' മരണാനന്തര ക്രിയകള്‍ ചെയ്യാന്‍ വിഭീഷണന് വേണ്ടതെല്ലാം ഒരുക്കുക ''.


വസ്ത്രങ്ങളും മാലകളും കൊണ്ട് ശവശരീരം അലങ്കരിച്ചു. ചന്ദനമുട്ടികള്‍കൊണ്ട് ചിതയൊരുക്കി. രാവണന്‍ കത്തിയമര്‍ന്നു.


'' ഒരിക്കലും ഒരു രാജ്യത്ത് ഭരണാധിപന്‍ ഇല്ലാത്ത അവസ്ഥ ഉണ്ടാവരുത്. അതിനാല്‍ എത്രയും പെട്ടെന്ന് വിഭീഷണനെ രാജാവായി അഭിഷേകം ചെയ്യണം ''. ഒരിക്കല്‍ അത് ചെയ്തതല്ലേ എന്ന ശങ്ക എല്ലാവരിലുമുണ്ടായി. ശ്രിരാമന്‍ അത് തിരിച്ചറിഞ്ഞു.


'' സേതു ബന്ധനത്തിന്ന് മുമ്പ് നാം വിഭീഷണന്‍റെ അഭിഷേകം നടത്തിയ കാര്യം നിങ്ങളെല്ലാവരും ഓര്‍ക്കുന്നുണ്ടാവും. അന്ന് രാവണന്‍ ജീവിച്ചിരിപ്പുണ്ടായിരുന്നു എന്ന് അറിയാമല്ലോ. ലങ്കയ്ക്ക് നാഥനില്ലാതായത് ഇപ്പോഴാണ്. ലക്ഷ്മണകുമാരന്‍ അഭിഷേകം നടത്തുന്നതാണ്. അന്നത്തേത് പ്രതീകാത്മകമായ ചടങ്ങായി കരുതിയാല്‍ മതി ''.


ജ്യേഷ്ഠന്‍റെ വാക്കുകള്‍ കേട്ടതും ഒരുക്കങ്ങള്‍ ആരംഭിച്ചു. വാനരന്മാര്‍ അഭിഷേകത്തിന്നു വേണ്ട സാധനങ്ങളുമായി എത്തി. ചടങ്ങുകള്‍ കഴിഞ്ഞതോടെ വിഭീഷണന്‍ ലങ്കാധിപതിയായി. വീണ്ടും
എല്ലാവരും ജ്യേഷ്ടന്‍റെ അടുത്തെത്തി. സുഗ്രീവനെ അദ്ദേഹം ആലിംഗനം ചെയ്തു.


'' ഭവാന്‍റെ സഹായംകൊണ്ട് രാവണനെ വധിക്കാന്‍ കഴിഞ്ഞു. ചെയ്ത സഹായങ്ങള്‍ എന്നും ഞാന്‍ സ്മരിക്കും ''.


'' എന്താണ് ഇനി ചെയ്യേണ്ടത് '' വിഭീഷണന്‍ ചോദിച്ചു.


'' ചെയ്യേണ്ടതായ കടമകളൊക്കെ ചെയ്തു കഴിഞ്ഞു. ഇനി ഹനുമാന്‍ ചെന്ന് രാവണനെ നിഗ്രഹിച്ച വിവരം സീതയെ അറിയിക്കണം. അതുപോലെ വിഭീഷണന്‍ ലങ്കയിലെ സ്ത്രീജനങ്ങളെക്കൊണ്ട് സീതയെ സ്നാനം ചെയ്യിപ്പിച്ച് സുഗന്ധ ലേപനങ്ങള്‍ പുരട്ടി ആടയാഭരണങ്ങള്‍ അണിയിച്ച് ഇങ്ങോട്ട് കൊണ്ടു വരാന്‍ ഏര്‍പ്പാടാക്കണം ''.


'' ആദ്യം ഒരു അഗ്നികുണ്ഡം തയ്യാറാക്കണം '' സീതാദേവി വന്നതും ആവശ്യപ്പെട്ടത് അതാണ്. ഒട്ടും വൈകാതെ അഗ്നികുണ്ഡം ജ്വലിപ്പിച്ചു.


'' ഭര്‍ത്താവിനെയല്ലാതെ അന്യപുരുഷനെ ഞാന്‍ സ്മരിച്ചിട്ടില്ല. ഈ പറഞ്ഞത് സത്യമാണ്. അത് അഗ്നിഭഗവാന്‍ തെളിയിക്കട്ടെ ''. ദൈവങ്ങളെ സ്തുതിച്ച് ഭര്‍ത്താവിനെ കൈകൂപ്പി മൂന്നു തവണ അഗ്നിയെ പ്രദക്ഷിണം വെച്ച് സീത അഗ്നിയിലേക്ക് ഇറങ്ങി. ഭീതിയോടെയാണ് എല്ലാവരും ആ രംഗം നോക്കി കണ്ടത്.


'' കളങ്കരഹിതയാണ് സീതാദേവി. ശങ്കിക്കാതെ അവരെ സ്വീകരിക്കുക '' സീതയുമായി കടന്നു വന്ന അഗ്നിദേവന്‍ അവരെ ശ്രീരാമന്‍റെ കൈകളില്‍ ഏല്‍പ്പിച്ചു.



'' എല്ലാ വിഷമങ്ങളും തീര്‍ന്നു. ഇനി കുറെ ദിവസം എന്‍റെ അതിഥിയായി ലങ്കയില്‍ കഴിഞ്ഞിട്ട് പോകാം '' വിഭീഷണന്‍ ആഗ്രഹം പ്രകടിപ്പിച്ചു.


'' അത് പറ്റില്ല. ഭരതന്‍ ഞങ്ങള്‍ ചെല്ലുന്നതും കാത്ത് ഇരിപ്പാണ്. ഉടനെ പോയേ മതിയാവൂ. മാത്രമല്ല പതിനാല് കൊല്ലത്തിനിടയില്‍ മറ്റൊരു രാജ്യത്തില്‍ എനിക്ക് ചെല്ലാനും പാടില്ല ''.


വിഭീഷണന്‍ മടക്ക യാത്രക്ക് പുഷ്പക വിമാനം വരുത്തി. വിമാനയാത്ര രസകരമായി തോന്നി. താഴെ പിന്നിലേക്ക് ഓടി മറയുന്ന ദൃശ്യങ്ങള്‍ നോക്കി നിന്നു. ജ്യേഷ്ഠന്‍ ഓരോന്നിനെക്കുറിച്ചും പത്നിക്ക് പറഞ്ഞു കൊടുക്കുകയാണ്. ഋഷ്യമൂകാചലവും പഞ്ചവടിയും ചിത്രകൂടവും മിന്നി മറഞ്ഞു. ഏറ്റവും ഒടുവില്‍ അയോധ്യാപുരി കണ്മുന്നിലെത്തി.


ഹനുമാന്‍ നേരത്തെ ചെന്ന് വിവരം നല്‍കിയത് നന്നായി. എല്ലായിടവും നന്നായി അലങ്കരിച്ചിട്ടുണ്ട്. രഥങ്ങളും ആനകളും കുതിരകളും സ്വീകരണത്തിന്ന് മാറ്റു കൂട്ടി. അയോദ്ധ്യയിലെ പൌരന്മാരെല്ലാം സന്നിഹിതരായിട്ടുണ്ട്. ശത്രുഘ്നനോടൊപ്പം ജ്യേഷ്ഠന്‍ ഭരതന്‍ സ്വീകരിക്കാന്‍ കാത്തു നില്‍പ്പാണ്.പരസ്പരം ആലിംഗനം ചെയ്ത ശേഷം ബന്ധുജനങ്ങളെ കാണാന്‍ ചെന്നു. അമ്മമാര്‍ക്ക് പിന്നിലായി തന്നേയും നോക്കി നില്‍ക്കുന്ന ഊര്‍മ്മിളയെ ലക്ഷ്മണന്‍ കണ്ടു.

Friday, August 10, 2012

നിഴലായ് എന്നുമൊപ്പം - അദ്ധ്യായം - 27.

പൂവിതള്‍ - 27.

പൊറുതി മുട്ടിയ രാക്ഷസന്മാര്‍ പോരിനിറങ്ങി. പകല്‍ എരിഞ്ഞടങ്ങിയിട്ടും യുദ്ധം അവസാനിച്ചില്ല. അമ്പും വില്ലും മരവും പാറകഷ്ണങ്ങളും കൈക്കരുത്തിന്ന് വഴി മാറി. ഇടിച്ചും അടിച്ചും കടിച്ചും വലിച്ചും പോര്‍ മുറുകുകയാണ്. നാലഞ്ചു നാഴിക നേരം നീണ്ട പോരിനിടെ ഒട്ടേറെ രാക്ഷസന്മാര്‍ മരിച്ചു വീണു, കുറെ വാനരന്മാരും.


പ്രതികാര ബുദ്ധിയോടെ ഇന്ദ്രജിത്ത് വരുന്നത് ലക്ഷ്മണന്‍ കണ്ടു. ഒളിഞ്ഞു നിന്ന് യുദ്ധം ചെയ്യാന്‍
കേമനാണ് ഇവന്‍. നേരിട്ടു നിന്ന് പൊരുതിയാലല്ലേ വാനരന്മാര്‍ക്ക് വല്ലതും ചെയ്യാനാവൂ. ഇവന്‍റെ കൂടെ വരുന്ന രാക്ഷസന്മാര്‍ക്ക് എളുപ്പത്തില്‍ കപികളെ ദ്രോഹിക്കാനാവും . അതിനു മുമ്പ് സകല എണ്ണത്തേയും ബ്രഹ്മാസ്ത്രം പ്രയോഗിച്ച് ഒറ്റയടിക്ക് സംഹരിക്കണം. ജ്യേഷ്ഠനോട് അനുവാദം ചോദിച്ചിട്ടാവാം അത് ചെയ്യുന്നത്. നേരെ ചെന്ന് വിവരം പറഞ്ഞു.


'' അരുത് കുമാരാ '' ജ്യേഷ്ഠന്‍ പറയുകയാണ് '' യുദ്ധക്കളത്തില്‍ നിന്ന് പേടിച്ചോടുന്നവനേയും, ആയുധം നഷ്ടപ്പെട്ടവരേയും, നേരെ വരാത്തവരേയും, അഭയം തേടി വന്നവരേയും വധിച്ചു കൂടാ ''. ആ മാര്‍ഗ്ഗം അടഞ്ഞു. വെറുതെ പോരും നോക്കി ജ്യേഷ്ഠനോടൊപ്പം നിന്നു.


അന്തപ്പുരത്തേക്ക് ധൃതിയില്‍ മടങ്ങിപ്പോയ ഇന്ദ്രജിത്ത് സീതയുമായി മടങ്ങി വരുന്നത് ഹനുമാന്‍
കണ്ടു.


'' നീ ഒരുത്തി കാരണമാണ് രാക്ഷസകുലത്തിന്ന് ഈ ആപത്തെല്ലാം സംഭവിച്ചത് '' ഇന്ദ്രജിത്ത് ഗര്‍ജ്ജിച്ചു '' അതിനാല്‍ നീ ഇനി ജീവിച്ചിരുന്നു കൂടാ ''. എന്തെങ്കിലും ചെയ്യാന്‍ കഴിയും മുമ്പ് അവന്‍ സീതാദേവിയെ നിഗ്രഹിക്കുന്നത് കാണേണ്ടി വന്നു. വാനരന്മാര്‍ ദുഃഖിതരായി. ആര്‍ക്കു വേണ്ടിയാണോ യുദ്ധം ചെയ്യുന്നത് ആ വ്യക്തി തന്നെ ഇല്ലാതായി . ഇനി യുദ്ധം എന്തിന് ?


ഹനുമാന്‍ തിരക്കിട്ട് രാമലക്ഷ്മണന്മാരെ സമീപിച്ച് വിവരം നല്‍കി. ശ്രീരാമന്‍ ദുഖാര്‍ത്തനായി. ലക്ഷ്മണന്‍ എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിന്നു. വിഭീഷണനെ തേടി നടന്നു.


'' ഹനുമാന്‍, ഭവാന്‍ പോര്‍ക്കളത്തില്‍ നിന്ന് പിന്‍തിരിഞ്ഞു വരാറുള്ള ആളല്ലോ '' വിഭീഷണന്‍ ചോദിക്കുകയാണ് '' അങ്ങേക്ക് എന്തു പറ്റി ''. സീതാദേവിയുടെ വൃത്താന്തം കേട്ടതും അയാള്‍ പൊട്ടിച്ചിരിക്കുകയാണ്.


'' കഷ്ടം. നിങ്ങളെയെല്ലാം അവന്‍ പറ്റിച്ചു കളഞ്ഞു. ലോകമാതാവായ ദേവിയെ കൊല്ലാന്‍ അവന് കഴിയുമോ. വെറും മായാപ്രകടനമാണ് നിങ്ങള്‍ കണ്ടത് '' അയാള്‍ പറഞ്ഞു '' ഇന്ദ്രജിത്ത് ഒരു പൂജ തുടങ്ങിയിട്ടുണ്ട്. അത് പൂര്‍ത്തീകരിച്ചാല്‍ പിന്നെ അവനെ ആര്‍ക്കും ജയിക്കാനാവില്ല. എല്ലാവരും വേഗം ചെന്ന് പുജയ്ക്ക് വിഘ്നം വരുത്തുക ''. അധികമൊന്നും പ്രയാസപ്പെടാതെ പൂജ മുടക്കാന്‍ സാധിച്ചു. ഇന്ദ്രജിത്ത് കോപിച്ചലറിക്കൊണ്ട് യുദ്ധരംഗത്തെത്തി.


'' എന്‍റെ യുദ്ധ സാമര്‍ത്ഥ്യം രണ്ടു ദിവസം കണ്ടറിഞ്ഞിട്ടും നീ വീണ്ടും പോരിന് വന്നു '' ലക്ഷ്മണ കുമാരനെ നോക്കി അവന്‍ പറയുകയാണ് '' ഇന്ന് ഞാന്‍ നിന്നെ കൊന്ന് വീഴ്ത്തുന്നുണ്ട് ''.


അതോടെ ഏവര്‍ക്കും വാശി കയറി. പടക്കളത്തിലേക്ക് കുതിക്കുന്ന ലക്ഷ്മണകുമാരനോടൊപ്പംചെന്നു. പല ദിവ്യാസ്ത്രങ്ങളും വായുവിലൂടെ അങ്ങോട്ടു മിങ്ങോട്ടും പറന്നു. തേരും കുതിരകളും തേരാളിയും നഷ്ടപ്പെട്ട ഇന്ദ്രജിത്ത് വേറൊരു തേരില്‍ കയറി വരികയാണ്. കുമാരന്‍ ചുവട്ടിലും അവന്‍ മുകളിലും . അത് പാടില്ല. കുമാരനെ തോളിലേറ്റി നടന്നു.


വീണ്ടും യുദ്ധം കനത്തു. രണ്ടു കൂട്ടരും തോല്‍ക്കുന്ന മട്ടില്ല. ദേവകിന്നരഗന്ധര്‍വ്വന്മാര്‍ ആകാശത്ത് യുദ്ധം നിരീക്ഷിച്ചു നില്‍ക്കുകയാണ്. രാവണപുത്രന്‍റെ തല കൊയ്തെടുത്ത് ഒരു ശരം പാഞ്ഞു പോയതോടെ മുകളില്‍ നിന്ന് പുഷ്പങ്ങള്‍ വന്നു വീണു.


അധികം വൈകാതെ രാവണന്‍ പോരിനിറങ്ങി. അവശേഷിച്ച ഏതാനും രാക്ഷസന്മാര്‍ കൂട്ടിനുണ്ട്. ശ്രീരാമചന്ദ്രന്‍റെ ബാണങ്ങള്‍ക്കു മുമ്പില്‍ രാവണന് പിടിച്ചു നില്‍ക്കാനായില്ല. കൂട്ടാളികള്‍ പലരും നഷ്ടപ്പെട്ട് ദേഹം മുഴുവന്‍ മുറിവുമായി അവന്‍ തിരിച്ചു പോയി. ലങ്കാപുരിക്ക് പടിഞ്ഞാറ് സൂര്യന്‍ കടലില്‍ കുളിക്കാനിറങ്ങി. യുദ്ധവിശേഷങ്ങള്‍ പറഞ്ഞു പറഞ്ഞ് കപികള്‍ ഉറക്കത്തിലേക്ക് വീണു.


'' ശുക്രാചാര്യന്‍റെ ഉപദേശമനുസരിച്ച് രാവണന്‍ ഹോമം ചെയ്യുകയാണ്. അത് മുഴുമിക്കുന്നതോടെ ഹോമകുണ്ഡത്തില്‍ നിന്ന് ചാപവും ബാണങ്ങളും അവന് ലഭിക്കും. പിന്നെ ആര്‍ക്കും രാവണനെ തോല്‍പ്പിക്കാനാവില്ല '' താഴേക്ക് ചിതറി വീഴുന്ന സൂര്യ പ്രകാശത്തെ ഭേദിച്ച് മുകളിലേക്ക് ഉയരുന്ന പുക കാണിച്ചുകൊണ്ട് വിഭീഷണന്‍ പറഞ്ഞു.


'' മകന്‍റെ പൂജ മുടക്കിയതുപോലെ രാവണന്‍റെ ഹോമവും മുടക്കാം. അതിനു വേണ്ട ഏര്‍പ്പാടുകള്‍ ഇപ്പോള്‍ത്തന്നെ ചെയ്യാം '' സുഗ്രീവന്‍ കല്‍പ്പന കൊടുക്കാന്‍ ഒരുങ്ങി.


'' സുഗ്രീവാ, അത്ര എളുപ്പമുള്ള കാര്യമല്ല അത് '' വിഭീഷണന്‍ ചൂണ്ടീക്കാട്ടി '' അത്യന്തം രഹസ്യമായ ഒരു സ്ഥലത്ത് ഗുഹയുണ്ടാക്കി അതിലിരുന്നാണ് രാവണന്‍ ഹോമം ചെയ്യുന്നത് ''.


ഹോമം മുടക്കാന്‍ സുഗ്രീവന്‍ മുഴുവന്‍ സൈന്യത്തേയും നിയോഗിച്ചു. വാനരവീരന്മാര്‍ മതിലുകള്‍
പൊളിച്ച് അകത്ത് കയറി. കണ്ണില്‍ കണ്ടവരെ മുഴുവന്‍ അവര്‍ തല്ലി ചതച്ചു. എതിര്‍ത്തവരെ കൊന്നു വീഴ്ത്തി. രാക്ഷസികളുടെ ആര്‍ത്ത നാദം ഉയര്‍ന്നു. ആകെ ബഹള മയം. ഗുഹാമുഖം അടച്ചു വെച്ച കൂറ്റന്‍ പാറ തകര്‍ത്ത് അംഗദന്‍ അകത്ത് കയറി, പുറകെ ഒട്ടേറെ അനുചരന്മാരും.


പൂജാദ്രവ്യങ്ങള്‍ നശിപ്പിച്ചിട്ടും ഹോമകുണ്ഡം തകര്‍ത്തിട്ടും രാവണന്‍ അനങ്ങുന്നില്ല. ശബ്ദം കേട്ട് സ്ഥലത്തെത്തിയ മണ്ഡോദരിയെ കപികള്‍ മര്‍ദ്ദിക്കാന്‍ തുടങ്ങി. അവരുടെ രോദനം കേട്ടതോടെ ഹോമം നിര്‍ത്തിവെച്ച് രാവണന്‍ എഴുന്നേറ്റു. യുദ്ധം ജയിച്ച സന്തോഷമാണ് ഇപ്പോഴുള്ളത് .


ശേഷിച്ച പത്തു പടനായകരും സേനാനികളുമായി രാവണന്‍ പോര്‍ക്കളത്തിലെത്തി. ശ്രീരാമചന്ദ്രനെ ചുമലിലേറ്റി ഹനുമാന്‍ നടന്നു തുടങ്ങി. ഇരു ഭാഗത്തും യോദ്ധാക്കള്‍ നിരന്നതോടെ പോരു തുടങ്ങി. അത്യന്തം ഘോരമായ യുദ്ധമാണ് കാണാന്‍ കഴിയുന്നത്. ഞാണൊലിയും രോദനവും സമ്മിശ്രമായി പരന്നൊഴുകി. യുദ്ധഭൂമിയില്‍ ജദങ്ങള്‍ നിറഞ്ഞു.


രാവണന്‍റെ അസ്ത്രങ്ങളെയെല്ലാം ശ്രീരാമന്‍ ഖണ്ഡിച്ചു വീഴ്ത്തി. രാവണന്‍റെ മേലാസകലം മുറിഞ്ഞു. ലക്ഷ്മണന്‍ അമ്പെയ്ത് ശത്രുവിന്‍റെ തേര് തകര്‍ത്തു. കുതിരകളെ വിഭീഷണന്‍ ഗദകൊണ്ട് അടിച്ചു വീഴ്ത്തി. രോഷാകുലനായ രാവണന്‍ വിഭീഷണനെ കൊല്ലാനൊരുങ്ങിയതും ലക്ഷ്മണന്‍ ഇടപെട്ടു. വിഭീഷണന്നു നേരെ പ്രയോഗിച്ച വേല്‍ ലക്ഷ്മണന്‍റെ മാറില്‍ തറച്ചു. ശ്രീരാമന്‍ അനുജന്‍റെ മാറില്‍ നിന്നും വേല്‍ പറിച്ചെടുത്തു.


'' കുമാരനെ നിങ്ങള്‍ നോക്കി കൊള്‍വിന്‍. ഞാന്‍ യുദ്ധം തുടരുകയാണ് '' എന്നും പറഞ്ഞ് അദ്ദേഹം വീണ്ടും യുദ്ധത്തിനിറങ്ങി.


'' ഹനുമാന്‍ ഒരിക്കല്‍ കൂടി മരുന്നുമായെത്തണം. ലക്ഷ്മണകുമാരനെ രക്ഷിക്കേണ്ടതുണ്ട് '' അംഗദന്‍ പറഞ്ഞതും ഹനുമാന്‍ ആകാശത്തേക്ക് കുതിച്ചുയര്‍ന്നു. ഔഷധം ഫലപ്രാപ്തിയിലെത്തിയതോടെ തിരിച്ചു കൊണ്ടുപോവാന്‍ മറ്റൊരു യാത്ര. ഹനുമാന്‍ തിരിച്ചെത്തുമ്പോഴും യുദ്ധം തുടരുകയാണ്. രാവണന്‍ തേരിലും ശ്രീരാമന്‍ ഭൂമിയിലും ആണെന്നു മാത്രം.


ചുമലില്‍ ഏറ്റാമെന്നു കരുതി നടക്കുമ്പോള്‍ ദിവ്യമായ ഒരു തേര് വരുന്നതു കണ്ടു. ശ്രീരാമദേവന്‍റെ മുന്നില്‍ അത് നിന്നു. സാരഥി അദ്ദേഹത്തോട് എന്തോ പറയുകയാണ്.


'' ഹനുമാന്‍ , ദേവേന്ദ്രന്‍റെ രഥമാണ് ഇത്. ഇദ്ദേഹം മാതലി. രഥത്തിന്‍റെ സാരഥി. ഇനി മുതല്‍ യുദ്ധം ചെയ്യാന്‍ ഈ രഥം ഉപയോഗിക്കാനായി അയച്ചതാണ് '' ശ്രീരാമന്‍ പറഞ്ഞതോടെ പോരിനിറങ്ങി.


രാമബാണമേറ്റ് മുറിഞ്ഞു വീഴുന്ന ശിരസ്സുകള്‍ക്ക് പകരം വീണ്ടും രാക്ഷസന് ശിരസ്സ് ഉണ്ടാവുന്നത് കണ്ടു. ഇങ്ങിനെയാണെങ്കില്‍ ഈ യുദ്ധം എങ്ങിനെ അവസാനിക്കും ?


ഏറെ കഴിഞ്ഞില്ല. സംശയം അസ്ഥാനാത്താക്കിക്കൊണ്ട് ശ്രീരാമ ചാപമായ കോദണ്ഡത്തില്‍ നിന്ന് പുറപ്പെട്ട ബാണങ്ങള്‍ പത്ത് തലകളും മുറിച്ച് രാക്ഷസനെ കൊന്നു വീഴ്ത്തി. പുഷ്പവൃഷ്ടിയും ദുന്ദുഭി നാദവും ജയത്തിന്ന് മിഴിവേകി. സൂര്യന്‍ മറയാന്‍ മടിച്ചു നിന്നു.

Thursday, August 9, 2012

നിഴലായ് എന്നുമൊപ്പം - അദ്ധ്യായം - 26.

പൂവിതള്‍ - 26.

'' ഞാന്‍ പറയുന്നത് ആര്‍ക്കെങ്കിലും കേള്‍ക്കാനാവുന്നുണ്ടോ '' വിഭീഷണന്‍റെ ശബ്ദമാണ് അതെന്ന് ഹനുമാന് മനസ്സിലായി. ആരും ഒന്നും പ്രതികരിക്കുന്നില്ല. എല്ലാവര്‍ക്കും എന്താണ് സംഭവിച്ചത്?


'' ഭവാന്‍ വിഭീഷണനാണോ '' ജാംബവാനാണ് ആ പറയുന്നത് '' മുഖത്തിലൂടെ ചോര ഒലിച്ചിറങ്ങി എനിക്ക് ഒന്നും കാണാനാവുന്നില്ല ''.


'' അതെ. ഞാന്‍ വിഭീഷണനാണ്. ആരെങ്കിലും ജീവനോടെ ഇരിപ്പുണ്ടോ എന്ന് ഞാന്‍ നോക്കി നടക്കുകയാണ് ''. അപ്പോള്‍ മറ്റെല്ലാവരും മരണപ്പെട്ടുവോ എന്ന് ഹനുമാന്‍ ഭയപ്പെട്ടു.


'' അങ്ങേക്ക് ഒന്നും പറ്റിയില്ലല്ലോ '' വീണ്ടും ജാംബവാന്‍റെ ശബ്ദം.


'' യുദ്ധം നടക്കുമ്പോള്‍ ഞാന്‍ ഇവിടെ ഉണ്ടായിരുന്നില്ല. അതുകൊണ്ട് ഇന്ദ്രജിത്ത് ബ്രഹ്മാസ്ത്രം പ്രയോഗിച്ചപ്പോള്‍ എനിക്ക് ഏറ്റില്ല '' വീണ്ടും വിഭീഷണന്‍റെ ശബ്ദം '' നാം ഇനി എന്താ ചെയ്യുക ''.


'' ആദ്യം ഹനുമാന്‍ എവിടെയാണെന്ന് നോക്കൂ ''.


'' രാമലക്ഷ്മണന്മാരേയും സുഗ്രീവന്‍, അംഗദന്‍ തുടങ്ങിയവരേയും അന്വേഷിക്കാതെ ഹനുമാനെ മാത്രം ഭവാന്‍ അന്വേഷിക്കുന്നത് എന്തുകൊണ്ടാണ് ''.


'' മറ്റാരുമില്ലെങ്കിലും ഹനുമാന്‍ ഉണ്ടെങ്കില്‍ മതി, എല്ലാവരുടേയും കുറവ് അദ്ദേഹം പരിഹരിച്ചോളും '' ജാംബവാന്‍ വിശദീകരിക്കുകയാണ് '' എന്നാല്‍ ആരെല്ലാം ഉണ്ടായാലും ഹനുമാന് പകരമാവില്ല ''.


അതു കേട്ടതും എഴുന്നേറ്റു . '' ഞാന്‍ ഹനുമാനാണ്. എന്താണ് ഞാന്‍ ചെയ്യേണ്ടത് '' അവരുടെ അടുത്ത് ചെന്നു ചോദിച്ചു.


'' ബ്രഹ്മാസ്ത്രം ഏറ്റ് രാമലക്ഷ്മണന്മാരും കപികള്‍ എല്ലാവരും മരണപ്പെട്ടു. നമ്മള്‍ മൂന്നുപേര്‍ മാത്രമേ ജീവനോടെയുള്ളു '' വിഭീഷണന്‍ പറഞ്ഞു.


'' ഹനുമാന്‍ , എത്രയും പെട്ടെന്ന് മൃതസഞ്ജീവനി കൊണ്ടു വരണം . എന്നാല്‍ മാത്രമേ നമുക്ക് ഇവരെയൊക്കെ രക്ഷപ്പെടുത്താന്‍ കഴിയൂ '' ജാംബവാന്‍ ആവശ്യപ്പെട്ടു '' ഹിമവാനേയും കടന്ന് കൈലാസ സന്നിധിയിലുള്ള ഋഷഭാദ്രിയില്‍ ചെന്നാലേ അത് ലഭിക്കൂ ''.


മരുന്ന് ലഭിക്കുന്ന ഇടവും പോവാനുള്ള മാര്‍ഗ്ഗവും ജാംബവാന്‍ പറഞ്ഞു തന്നതോടെ ഒറ്റ കുതിപ്പിന് പറന്നു പൊങ്ങി. ഒരു നിമിഷം പോലും പാഴാക്കാനില്ല. എത്രയും പെട്ടെന്ന് മരുന്നുമായി എത്തണം. വെള്ളമേഘങ്ങള്‍ അടുത്തു വന്ന് കുശലം പറയുന്നതൊന്നും ശ്രദ്ധിച്ചതേയില്ല. അതിയായ ദാഹം തോന്നുന്നുണ്ട്. ലക്ഷ്യസ്ഥാനം എത്താറായി. അതുവരെ സഹിച്ചേ മതിയാവു.


പെട്ടെന്ന് കണ്‍മുമ്പില്‍ ഒരു ആശ്രമം എത്തി. ഈ വഴിക്ക് മുമ്പ് പോവുമ്പോഴൊന്നും ഇവിടെ ഒരു ആശ്രമം കണ്ടിട്ടില്ല. ഏതെങ്കിലും ഋഷിവര്യന്‍ പുതുതായി നിര്‍മ്മിച്ചതാവണം ഇത്. അതോ വഴി തെറ്റിയതാണോ ? ഏതായലും ആശ്രമത്തില്‍ ചെന്ന് മഹര്‍ഷിയെ കണ്ടു വന്ദിച്ച് ദാഹം തീര്‍ക്കുന്നതോടൊപ്പം പോവാനുള്ള വഴി അന്വേഷിക്കുകയും ചെയ്യാം.


താപസ ശ്രേഷ്ഠനും ശിഷ്യഗണങ്ങളും ശിവനെ പൂജിക്കുകയാണ്. ദണ്ഡ നമസ്ക്കാരം ചെയ്ത് ആഗമനോദ്ദേശം അദ്ദേഹത്തെ അറിയിച്ചു.


'' ഒന്നുകൊണ്ടും ഭവാന്‍ വിഷമിക്കേണ്ടാ '' കാരുണ്യം നിറഞ്ഞ വാക്കകളാണ് കേള്‍ക്കുന്നത് '' ദിവ്യ ദൃഷ്ടികൊണ്ട് ഞാന്‍ എല്ലാം മനസ്സിലാക്കുന്നു. രാമലക്ഷ്മണന്മാര്‍ക്കും വാനരന്മാര്‍ക്കും യാതൊരുവിധ ആപത്തും സംഭവിച്ചിട്ടില്ല. അവര്‍ യുദ്ധത്തിനെ പറ്റി സംസാരിച്ചുകൊണ്ട് നില്‍ക്കുകയാണ്. ഭവാന്‍ ദാഹം തീര്‍ത്ത് വിശ്രമിച്ച് പോയാല്‍ മതി. തോട്ടത്തില്‍ സ്വാദിഷ്ടമായ പഴങ്ങള്‍ യഥേഷ്ടമുണ്ട്. മതി വരുവോളം ഭക്ഷിക്കുക ''. താപസന്‍ ജലം നിറച്ച കമണ്ഡലു നീട്ടി. അതിലുള്ള വെള്ളം തീരെ പോരാ.


'' എനിക്ക് ഇത് മതിയാവില്ല. അത്രയ്ക്ക് ദാഹമുണ്ട് '' വിവരം പറഞ്ഞു.


'' അതിനെന്താ. അടുത്തുതന്നെ ഒരു തടാകമുണ്ട്. അവിടെ ചെന്ന് മതി വരുവോളം വെള്ളം കുടിച്ച് ദാഹം തീര്‍ത്തു പോരൂ. ദിവ്യൌഷധം കിട്ടാനുള്ള മാര്‍ഗ്ഗം ഞാന്‍ പറഞ്ഞു തരാം ''. വഴി കാട്ടാന്‍ ഒരു മുനികുമാരനെ കൂടെ അയച്ചു തരികയും ചെയ്തു.


തടാകത്തിലെ ജലത്തില്‍ സ്പര്‍ശിച്ചതേയുള്ളു, അതി ഭയങ്കരിയായ ഒരു രാക്ഷസി പാഞ്ഞടുക്കുന്നു. പിടിച്ചു തിന്നാനുള്ള ഉദ്ദേശത്തോടെയാണ് അവളുടെ വരവ്. ഒന്നും ആലോചിച്ചില്ല. കൈ നീട്ടി ഒറ്റ അടി. അവള്‍ മരിച്ചു വീണു. മിന്നല്‍ പോലെ ഒരു പ്രകാശം മുന്നില്‍ പരന്നു. അതി സുന്ദരിയായ ഒരു സ്ത്രീരൂപം അതില്‍ നിന്നും തെളിഞ്ഞു വന്നു.


'' അപ്സര സ്ത്രിയായിരുന്ന ഞാന്‍ ഒരു മുനിയുടെ ശാപം കാരണം രാക്ഷസിയായതാണ്. അങ്ങ് എനിക്ക് ശാപമോക്ഷം നല്‍കി '' അവള്‍ പറഞ്ഞു '' അങ്ങ് കണ്ടയാള്‍ താപസനല്ല. കാലനേമി എന്ന രാക്ഷസനാണ്. ദിവ്യൌഷധവുമായി പോകുന്നതിന്ന് കാലവിളംബം വരുത്താന്‍ രാവണന്‍ അവനെ നിയോഗിച്ചതാണ്. എത്രയും പെട്ടെന്ന് അവനെ വധിച്ച് ഔഷധവുമായി പോവുക ''.


ആശ്രമത്തിലേക്ക് തിരിച്ചു ചെന്നു. കാത്ത് നിന്നിരുന്ന മുനിയെ സംഹരിച്ച് ഔഷധം എടുക്കാന്‍
യാത്ര തിരിച്ചു. വൈകാതെ മരുന്നുള്ള മല കണ്ടെത്തി. പക്ഷെ ഔഷധം ഏതെന്ന് അറിയുന്നില്ല. തിരഞ്ഞു കണ്ടു പിടിക്കാമെന്നു വെച്ചാല്‍ അതിനുള്ള സമയമില്ല. മല ഒന്നാകെ അടര്‍ത്തിയെടുത്ത് താങ്ങി പിടിച്ച് ഒരു ചാട്ടം. മരുന്നിന്‍റെ മണമേറ്റതോടെ എല്ലാവരും എഴുന്നേറ്റു.


'' ഹനുമാന്‍ ഇതിനെ എടുത്ത സ്ഥലത്തുതന്നെ എത്തിക്കുക '' ജാംബവാന്‍ പറഞ്ഞു '' യുദ്ധത്തില്‍ ഇതേവരെ നമുക്ക് നഷ്ടപ്പെട്ട പോരാളികളുടെയെല്ലാം ജീവന്‍ തിരിച്ചു കിട്ടിയത് കണ്ടല്ലോ. നമ്മുടെ ശത്രുക്കളുടെ ജഡങ്ങള്‍ സമുദ്രത്തില്‍ കെട്ടിതാഴ്ത്തിയതിനാല്‍ അവര്ക്ക് ജീവന്‍ കിട്ടിയില്ല. പക്ഷെ ഔഷധം ഇവിടെത്തന്നെ വെച്ചാല്‍ നമുക്ക് ഇനിമേല്‍ രാക്ഷസന്മാരെ കൊല്ലാന്‍ കഴിയില്ല ''. മലയും ചുമന്ന് പോയി വരുമ്പോഴേക്ക് എല്ലാവരും യുദ്ധത്തിന്ന് ഒരുങ്ങി കഴിഞ്ഞിരിക്കുന്നു.


'' മതിലുകള്‍ തകര്‍ത്ത് എല്ലാവരും അകത്ത് കടക്കുക '' സുഗ്രീവന്‍ ആജ്ഞാപിച്ചു '' കിടങ്ങുകള്‍
നിരത്തുകയും, വൃക്ഷങ്ങള്‍ മുറിച്ചിടുകയും ചെയ്യുക. വീടുകള്‍ക്കൊക്കെ തീ വെക്കുകയും വേണം. എങ്കിലേ ജിവനോടെ അകത്തുള്ള രാക്ഷസന്മാര്‍ പോരിന് വരികയുള്ളു ''.


ഹനുമാന്‍ കൂട്ടുകാര്‍ ചെയ്യുന്നത് നോക്കി നിന്നു. ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് കത്തി ചാമ്പലായ ലങ്കാപുരി കൂടുതല്‍ ഭംഗിയോടെ നിര്‍മ്മിച്ചിരിക്കുന്നു. വീണ്ടുമൊരു നാശത്തെ കണ്ട അങ്കലാപ്പില്‍
അത് കേഴുകയാണോ ? എത്രയോ കഴിവുള്ള ആളാണ് രാവണന്‍. അതൊന്നും സത്പ്രവര്‍ത്തികള്‍ ചെയ്യാന്‍ ഉപയോഗിച്ചില്ല. ദുഷ്ക്കര്‍മ്മങ്ങളുടെ ഫലം അനുഭവിക്കാന്‍ പോവുന്നു. ഒറ്റയ്ക്കല്ല, ഒരു ജനത മുഴുവന്‍ അത് പങ്കിടാന്‍ കൂട്ടിനുണ്ട് എന്നു മാത്രം.


മരങ്ങള്‍ മുറിഞ്ഞു വീഴുന്ന ഒച്ചയോടൊപ്പം തീയും പുകയും ഉയര്‍ന്നു. രാക്ഷസ സ്ത്രീകളുടെ രോദനവും ശാപവാക്കുകളും അതിന് അകമ്പടി സേവിച്ചു.

Wednesday, August 8, 2012

നിഴലായ് എന്നുമൊപ്പം - അദ്ധ്യായം - 25.

പൂവിതള്‍ - 25.

'' എന്‍റെ ജ്യേഷ്ഠന്‍ കുംഭകര്‍ണ്ണനാണ് ആ വരുന്നത് '' ഭീമമായ ശൂലം കയ്യിലേന്തി വരുന്ന രാക്ഷസനെ ചൂണ്ടിക്കാട്ടി വിഭീഷണന്‍ ശ്രീരാമനോട് പറഞ്ഞു '' ഞാന്‍ പോയി അദ്ദേഹത്തെ പ്രണമിച്ചു വരട്ടെ ''.


ജ്യേഷ്ഠാനുജന്മാരുടെ സമാഗമം ഹൃദയസ്പൃക്കായ രംഗമായിരുന്നു. വിഭീഷണന്‍ ജ്യേഷ്ഠന്നു മുന്നില്‍ ദണ്ഡനമസ്ക്കാരം ചെയ്തു, കുംഭകര്‍ണ്ണന്‍ അനുജനെ ഗാഡമായ ആലിംഗനവും. കുറെ നേരം ഇരുവരും സംസാരിച്ചു നില്‍ക്കുന്നത് കാണായി. ജ്യേഷ്ഠനെ കൈക്കൂപ്പി കണ്ണും തുടച്ച് വിഭീഷണന്‍ വരുന്നതും നോക്കി എല്ലാവരും നിന്നു.


'' എന്താണ് ഭവനോട് ജ്യേഷ്ഠന്‍ പറഞ്ഞത് '' സുഗ്രീവന്‍ ചോദിച്ചു.


'' ഒട്ടും താല്‍പ്പര്യമുണ്ടായിട്ടല്ല ജ്യേഷ്ഠന്‍ യുദ്ധത്തിന് വന്നത്. സീതയെ ശ്രീരാമന് ഏല്‍പ്പിച്ച് മാപ്പ് അപേക്ഷിക്കണമെന്ന് അദ്ദേഹം രാവണനോട് പറഞ്ഞുവത്രേ '' വിഭീഷണന്‍ പറഞ്ഞു '' എന്നാല്‍ ആ ഉപദേശം സ്വീകരിക്കാതെ അനുജനെ ഭര്‍ത്സിക്കുകയാണത്രേ രാവണന്‍ ചെയ്തത്. രാമസായകം ഏറ്റു മരിച്ചാല്‍ മോക്ഷം ലഭിക്കുമെന്നു കരുതി വന്നതാണ് ജ്യേഷ്ഠന്‍ ''.


വാനരന്മാരെയാണ് കുംഭകര്‍ണ്ണന്‍ ആദ്യം അക്രമിച്ചത്. പൊരുതാന്‍പോലുമാവാതെ മിക്കവരും
മരണത്തിന്ന് കീഴടങ്ങി. സുഗ്രീവന് ഏറെ നേരം കണ്ടു നില്‍ക്കാനായില്ല. അവന്‍ കുംഭകര്‍ണ്ണനെ നേരിട്ടു. കൂറ്റന്‍ പാറകളും മരക്കൊമ്പുകളും വായുവിലൂടെ കുംഭകര്‍ണ്ണന്‍റെ നേര്‍ക്ക് പറന്നു. തീരെ ഗതി മുട്ടിയപ്പോള്‍ രാക്ഷസന്‍ സുഗ്രീവന്‍റെ നേരെ ശൂലം പ്രയോഗിച്ചു. ബോധരഹിതനായി നിലം പതിച്ച ശത്രുവിനേയും ചുമന്ന് കുംഭകര്‍ണ്ണന്‍ ലങ്കാപുരിയിലേക്ക് നടന്നു. സ്വീകരിക്കാന്‍ വേണ്ടി ഗോപുര വാതില്‍ക്കല്‍ നിന്ന രാക്ഷസ സ്ത്രീകള്‍ തളിച്ച പനിനീരും സുഗന്ധദ്രവ്യങ്ങളും തട്ടിയതും സുഗ്രീവന്‍ ഉണര്‍ന്നു. കുംഭകര്‍ണ്ണന്‍റെ ചെവികളും മൂക്കും കടിച്ചു മുറിച്ച് അവന്‍ ഓടി രക്ഷപ്പെട്ടു.


യുദ്ധരംഗത്തേക്ക് കുംഭകര്‍ണ്ണന്‍ വീണ്ടും വരികയാണ്. ലക്ഷ്മണന്‍ വില്ലും ശരങ്ങളും കൈകളില്‍
എടുത്തു. അസ്ത്രങ്ങള്‍ പേമാരിപോലെ രാക്ഷസന്‍റെ ശരീരത്തില്‍ പെയ്തിറങ്ങുകയാണ്. അവയെ അവഗണിച്ച് കപികളെ നിഗ്രഹിച്ചുകൊണ്ട് അവന്‍ മുന്നോട്ടും. പെട്ടെന്ന് അവന്‍ ദിശ മാറ്റി.


ജ്യേഷ്ഠനും കുംഭകര്‍ണ്ണനും തമ്മില്‍ പൊരിഞ്ഞ പോരാട്ടമാണ്. ഇരു കരങ്ങളും ശിരസ്സും മുറിഞ്ഞ് ഒരു വന്മല കണക്കേ കുംഭകര്‍ണ്ണന്‍ നിലം പതിച്ചു. വാവിട്ടു കരയുന്ന വിഭീഷണനെ എല്ലാവരും കൂടി ആശ്വസിപ്പിക്കുമ്പോള്‍ എട്ടു രാക്ഷസന്മാര്‍ സൈന്യവുമായി എത്തി. വാനരന്മാര്‍ അവരോട് പൊരുതി മുഴുവന്‍ പേരേയും കൊന്നൊടുക്കി. ഒന്നിനു പുറകെ ഒന്നായി രാക്ഷസ വീരന്മാരും അനുചരന്മാരും വരികയും മരണത്തെ പുല്‍കുകയും ചെയ്തുകൊണ്ടിരുന്നു.


'' ഈ വരുന്നത് രാവണന്‍റെ പുത്രന്‍ അതികായനാണ് '' വിഭീഷണന്‍ പറഞ്ഞു തന്നു. ജ്യേഷ്ഠനെ നോക്കി. സമ്മത ഭാവമാണ് ആ മുഖത്ത്. ചാപബാണങ്ങളുമായി അവനെ നേരിടാന്‍ ഒരുങ്ങി. പല തരം ദിവ്യാസ്ത്രങ്ങളാണ് അവന്‍ പ്രയോഗിക്കുന്നത്. കയ്യില്‍ അവയ്ക്കെല്ലാം അനുയോജ്യമായ പ്രത്യസ്ത്രങ്ങള്‍ ഉള്ളതിനാല്‍ എല്ലാറ്റിനേയും പ്രതിരോധിക്കാന്‍ കഴിഞ്ഞു. ഇവനെ എങ്ങിനെ തോല്‍പ്പിക്കാനാവും എന്നു മാത്രം അറിയുന്നില്ല.


'' ലക്ഷ്മണ കുമാരാ. ബ്രഹ്മാവ് നല്‍കിയ കഞ്ചുകം അവന്‍ ധരിച്ചിട്ടുണ്ട്. അതാണ് വധിക്കാന്‍
കഴിയാത്തത്. ബ്രഹ്മാസ്ത്രം എയ്ത് അവനെ നിഗ്രഹിക്കുക ''.


വായുദേവന്‍റെ ഉപദേശം കേട്ടതും അങ്ങിനെത്തന്നെ ചെയ്തു. അതികായന്‍റെ മരണത്തോടെ ഈ ദിവസത്തെ യുദ്ധം തീര്‍ന്നുവെന്ന് കരുതി. എല്ലാവരും മടങ്ങി പോവാന്‍ ഒരുങ്ങി.'' മേഹനാദന്‍ പടയുമായി വരുന്നുണ്ട്. നേരിടാന്‍ ഒരുങ്ങിക്കോളിന്‍ '' വിഭീഷണന്‍ പറയുന്നത് കേട്ട് നോക്കി. ശരിയാണ്, ഇന്ദ്രജിത്ത് സൈന്യവുമായി വരുന്നു.


ഇന്ദ്രജിത്തും രാക്ഷസന്മാരും അസ്ത്രങ്ങള്‍ ചൊരിഞ്ഞു തുടങ്ങി. ലക്ഷ്മണന്‍റെ വീര്യം എന്താണെന്ന് അവരെ അറിയിക്കണം. ഒന്ന്, പത്ത്, നൂറ്, ആയിരം, പതിനായിരം. കയ്യിലൂടെ കടന്നുപോവുന്ന ബാണങ്ങളുടെ എണ്ണം കുതിച്ചുയരുകയാണ്. പെട്ടെന്ന് ശത്രു മേഘങ്ങള്‍ക്കിടയില്‍ മറയുന്നത് കണ്ടു. ആകാശത്തു നിന്ന് ഒരു അഗ്നികുണ്ഡം ഭൂമിയിലേക്ക് വീണു. കണ്ണുകളില്‍ ഉറക്കം എത്തിയതാണോ? ഓര്‍മ്മ നഷ്ടപ്പെടുകയാണോ. എല്ലം മറന്ന് ഉറക്കത്തിലേക്ക് വഴുതി വീണു.

Tuesday, August 7, 2012

നിഴലായ് എന്നുമൊപ്പം - അദ്ധ്യായം - 24.

പൂവിതള്‍ - 24.

ചുവപ്പു രാശി പടര്‍ന്ന ആകാശ ചെരുവിലേക്ക് നോക്കി ലക്ഷ്മണന്‍ നിന്നു. കൂടണയാന്‍ തിരക്കിട്ടു പോവുന്ന പറവകളൊഴിച്ച് മറ്റൊന്നിനേയും കാണാനില്ല. പടനിലത്തിലൂടെ കടന്നു വരുന്ന കാറ്റിന്ന് ചോരയുടെ ദുര്‍ഗന്ധമുണ്ട്. കുറച്ചകലെ പാറക്കെട്ടില്‍ ജ്യേഷ്ഠന്‍ വിശ്രമിക്കുകയാണ്. സുഗ്രീവനും ഹനുമാനും ജാംബവാനും വിഭീഷണനുമെല്ലാം അടുത്ത് നില്‍പ്പുണ്ട്. വിഭീഷണന്‍ രാവണനെ വിട്ടു വന്നത് ഉപകാരമായി. അതുകൊണ്ട് രാക്ഷസന്മാരെക്കുറിച്ച് വ്യക്തമായി മനസ്സിലാക്കാനാവുന്നുണ്ട്.


കയ്യെത്തും ദൂരത്ത് വിജയം എത്തിക്കഴിഞ്ഞുവെന്ന് എല്ലാവരും പറയുന്നു. എന്താണ് പരാജയം ? എന്താണ് വിജയം ? ഒന്നും അറിയില്ല. രാവണന്‍ കാരണം കുറെപേര്‍ക്ക് ജീവഹാനി സംഭവിക്കും. ഒരുവംശം ഒന്നാകെ നശിക്കും. അതില്‍ കവിഞ്ഞ് മറ്റൊന്നുമില്ല.


ഓര്‍മ്മിക്കാന്‍ ഏറെയുള്ള ദിവസമാണ്. സംഭവബഹുലമായ പകലാണ് കടന്നു പോയത്. കിഴക്കേ ചക്രവാളത്തില്‍ നിന്ന് വെളിച്ചത്തിന്‍റെ കണികകള്‍ ഭൂമിയില്‍ വീണു തുടങ്ങിയപ്പോള്‍ യുദ്ധത്തിന്ന് ഇറങ്ങിയതാണ്. ഭീകരമായ ഒട്ടേറെ ദൃശ്യങ്ങളാണ് കണ്‍മുന്നിലൂടെ കടന്നു പോയത്. നാഗാസ്ത്രം ഏറ്റ് എല്ലാവരും മരിച്ചെന്നു കരുതി സന്തോഷിച്ച രാവണന്‍ അങ്ങിനെയല്ലെന്ന് മനസ്സിലാക്കിയാല്‍ ക്രുദ്ധനായി വലിയ പടസന്നാഹങ്ങളുമായി യുദ്ധത്തിനെത്തും എന്ന് വിഭീഷണന്‍ പറഞ്ഞത് എത്ര ശരി. എന്നിട്ട് എന്തുണ്ടായി?


പടിഞ്ഞാറെ ഗോപുരത്തിലൂടെ യുദ്ധത്തിനെത്തിയ ധൂമ്രാക്ഷനേയും സേനയേയും ഹനുമാനും സംഘവും കൊന്നൊടുക്കി. തെക്കു ഭാഗത്തെ ഗോപുരത്തിലൂടെ പലതരം ആയുധങ്ങളുമായി എത്തിയ വജ്രദംഷ്ട്രനേയും രാക്ഷസന്മാരേയും അംഗദനും കൂടെയുള്ള കപികളും കൂടി വധിച്ചു.പടിഞ്ഞാറ് ഭാഗത്തു കൂടി പിന്നീടെത്തിയ അകമ്പനേയും പടയാളികളേയും ഹനുമാനും കൂട്ടരും നിഗ്രഹിച്ചു. രാവണന് ഏറ്റവും പ്രിയങ്കരനായ പ്രഹസ്തനും അമാത്യരായ കുംഭഹന്‍, മഹാനാദന്‍, ദുര്‍മ്മുഖന്‍, സമുന്നതന്‍ എന്നിവരും ചേര്‍ന്നു നയിച്ച വലിയൊരു സൈന്യമാണ് പിന്നീടു വന്നത്. കിഴക്കെ ഗോപുരത്തിലൂടെ പുറത്ത് എത്തിയ അവരെ നീലനും ജാംബവാനും മറ്റു വാനര വീരരും കൂടി കാലപുരിയിലെത്തിച്ചു.

രാവണന്‍റെ ഊഴമായിരുന്നു അടുത്തത്. തന്‍റെ പുത്രന്മാരായ ഇന്ദ്രജിത്ത്, അതികായന്‍, ത്രിശ്ശിരസ്സ് എന്നിവരോടും സഹോദരന്‍ കുംഭകര്‍ണ്ണന്‍റെ പുത്രരായ കുംഭന്‍, നികുംഭന്‍ എന്നിവരോടുമൊപ്പം വടക്കെ ഗോപുരത്തിലൂടെയാണ് രാക്ഷസ രാജാവ് എത്തിയത്. ഗോപുരത്തിന്ന് പുറത്ത് കുറച്ചു നേരം ആലോചിച്ചു നിന്ന ശേഷം രാവണനും കുറെ സൈനികരുമൊഴികെ മറ്റെല്ലാവരും തിരികെ നടന്നു.

'' എല്ലാവരും യുദ്ധത്തിന് ഇറങ്ങിയാല്‍ നമ്മള്‍ അകത്ത് കടക്കുമോ എന്നു ഭയന്ന് അവരെയെല്ലാം തിരിച്ചയച്ചതാണ് '' വിഭീഷണന്‍ കാരണം കണ്ടെത്തി.

പെട്ടെന്ന് ഹനുമാന്‍ രാവണന്‍റെ തേര്‍തട്ടിലേക്ക് കുതിച്ചു ചാടുന്നതാണ് കണ്ടത്. '' താപസരേയും സജ്ജനങ്ങളേയും എന്നും ദ്രോഹിക്കാറുള്ള നിനക്ക് ആപത്ത് എത്തിക്കഴിഞ്ഞു '' ഒരു നിമിഷം പരിഭ്രമിച്ചു നിന്ന രാക്ഷസനെ നോക്കി വാനര വീരന്‍ അലറുന്നത് ദൂരെയുള്ളവര്‍ പോലും കേട്ടു '' നിന്‍റെ പുത്രന്‍ അക്ഷകുമാരനെ വധിച്ചത് ഞാനാണ്. നീ വിചാരിച്ചാല്‍ നിന്നെ അടിച്ചു കൊല്ലാന്‍ നില്‍ക്കുന്ന എന്നെ ഒന്നും ചെയ്യാനാവില്ല ''.

ഹനുമാന്‍ കൈ നീട്ടി ഒന്നടിച്ചതും രാവണന്‍ താഴെ വീണു. പക്ഷെ പെട്ടെന്നു തന്നെ രാക്ഷസന്‍
എഴുന്നേറ്റു നിന്നു.

'' എന്‍റെ കൈകൊണ്ട് താഡനം കിട്ടിയവരാരും പിന്നെ എഴുന്നേറ്റിട്ടില്ല. എന്നാല്‍ നീ എഴുന്നേറ്റു. അതിനര്‍ത്ഥം പോരില്‍ നീ എനിക്ക് തുല്യനാണ് എന്നതാണ്. അതിനാല്‍ നമുക്ക് അല്‍പ്പനേരം മല്ലയുദ്ധം ചെയ്യാം '' ഹനുമാന്‍റെ ശബ്ദം ഉയര്‍ന്നു കേട്ടു.

പറഞ്ഞു തീരുന്നതിന്ന് മുമ്പ് രാവണന്‍ ഊക്കില്‍ ഒരടി. ഹനുമാന്‍ താഴെ വീഴുന്നത് കണ്ടു. അതു കണ്ട നീലന്‍ ഓടിച്ചെന്ന് രാവണന്‍റെ പത്ത് തലകളിലും ചാടി കയറി നൃത്തം തുടങ്ങി. അതോടെ രാവണന്‍ അസ്ത്രം കയ്യിലെടുത്തു.

കപികളെ രക്ഷിക്കാന്‍ വേണ്ടിയാണ് യുദ്ധത്തിനിറങ്ങിയത്. രാവണനെ തോല്‍പ്പിക്കാന്‍ ആവുമെന്ന ഘട്ടത്തിലാണ് അവന്‍ വേലെടുത്ത് എറിഞ്ഞത്. അസ്ത്രങ്ങള്‍ ഉപയോഗിച്ച് അതിനെ മുറിക്കാമെന്ന് കരുതിയത് നടന്നില്ല. ശൂലം മാറില്‍ വന്ന് തറച്ചതേ ഓര്‍മ്മയുള്ളു.

മോഹാലസ്യപ്പെട്ട് കിടക്കുമ്പോള്‍ രാവണന്‍ എടുത്തുകൊണ്ട് പോവാന്‍ ശ്രമിച്ച് സാധിക്കാഞ്ഞതും ഹനുമാന്‍ എടുത്ത് ജ്യേഷ്ഠന്‍റെ മുമ്പില്‍ എത്തിച്ചതും പിന്നീട് പറഞ്ഞു കേട്ടു, തേരും സാരഥിയും കുതിരകളും ആയുധങ്ങളും നഷ്ടപ്പെട്ട് വിഷണ്ണനായി നിന്ന രാവണനോട് കൊട്ടാരത്തിലേക്ക് മടങ്ങി പോയി അടുത്ത ദിവസം ആയുധങ്ങളുമായി വരാന്‍ ജ്യേഷ്ഠന്‍ പറഞ്ഞതും.

'' എന്താ കുമാരന്‍ ഒറ്റയ്ക്ക് നില്‍ക്കുന്നത് '' തിരിഞ്ഞു നോക്കിയപ്പോള്‍ ഹനുമാനാണ്.

'' ഏയ്, വെറുതെ '' ആ കരം ഗ്രഹിച്ച് മെല്ലെ നടന്നു. ഇരുട്ട് വീണു കഴിഞ്ഞു.

Monday, August 6, 2012

നിഴലായ് എന്നുമൊപ്പം - അദ്ധ്യായം - 23.

പൂവിതള്‍ - 23.

'' എല്ലാ പ്രതിബന്ധങ്ങളേയും തരണം ചെയ്ത് നമ്മള്‍ ഇവിടം വരെയെത്തി '' സുഗ്രീവന്‍ പറഞ്ഞു '' എന്നാല്‍ ഇനിയാണ് ഏറ്റവും ദുര്‍ഘടമായ ഘട്ടം ''. യുദ്ധത്തില്‍ സ്വീകരിക്കേണ്ടതായ അടവുകളെ കുറിച്ചുള്ള ആലോചന നടക്കുകയാണ്.


'' ആ പറഞ്ഞത് ശരിയാണ് '' ജാംബവാന്‍ തന്‍റെ അഭിപ്രായം അവതരിപ്പിച്ചു ''രാവണനും അവന്‍റെ പരിവാരങ്ങളും കോട്ടയ്ക്കകത്താണ്. നമ്മള്‍ പുറത്തും. അവര്‍ നമ്മെ നേരിടാന്‍ ഇങ്ങോട്ട് വരാത്ത പക്ഷം എന്താണ് ചെയ്യാന്‍ കഴിയുക ''.


'' കോട്ട മതിലുകള്‍ ഇടിച്ചു മറിക്കണം '' അംഗദന്‍ പറഞ്ഞു '' കിടങ്ങുകള്‍ നിരത്തുകയും വേണം. പിന്നെ രാവണന് സ്വസ്ഥമായി ഇരിക്കാനാവില്ല ''.


'' അഥവാ യുദ്ധത്തിന്ന് വരികയാണെങ്കിലോ ? അത് കൂടി ചിന്തിക്കണമല്ലോ '' ഹനുമാന്‍ ചോദിച്ചു '' ഏത് ഭാഗത്തു കൂടിയാണ് അവര്‍ വരിക. വിഭീഷണന് അറിയാവുന്നതെല്ലാം പറയട്ടെ ''.


'' നാലു ഭാഗത്തും ഗോപുരങ്ങളുണ്ട് '' വിഭീഷണന്‍ പറഞ്ഞു '' അതില്‍ തന്ത്ര പ്രധാനമായത് വടക്കു ഭാഗത്തെ ഗോപുരമാണ്. എങ്കിലും എല്ലാ ഭാഗത്ത് കൂടിയും ആക്രമണം പ്രതീക്ഷിക്കണം. ഓരോ ഭാഗത്തും യുദ്ധം നയിക്കേണ്ടത് ആരൊക്കെയാവണം എന്ന് വ്യക്തമായ ധാരണ നമുക്ക് വേണം ''.


'' എങ്കില്‍ ഞാനും ലക്ഷ്മണകുമാരനും വടക്ക് ഭാഗം നോക്കാം '' ശ്രീരാമന്‍ പറഞ്ഞു '' വിഭീഷണന്‍ ഞങ്ങളോടൊപ്പം ഉണ്ടാവട്ടെ ''.


തെക്കുഭാഗത്ത് അംഗദന്‍, പടിഞ്ഞാറ് ഹനുമാന്‍, കിഴക്ക് നീലന്‍ എല്ലാ ദിക്കിലും സുഗ്രീവന്‍റെ ശ്രദ്ധ ഉണ്ടാവണം എന്നൊക്കെ തീരുമാനിച്ചു. യുദ്ധത്തിനിടയില്‍ ആവശ്യമായ ഇടങ്ങളിലേക്ക് എല്ലാവരും എത്തണമെന്ന് സുഗ്രീവന്‍ കൂട്ടിച്ചേര്‍ത്തു.


വാനരന്മാര്‍ ലങ്കാപുരി വളഞ്ഞു. അടര്‍ത്തിയെടുത്ത പാറ കഷ്ണങ്ങളും മരങ്ങളും ഉപയോഗിച്ച് അവര്‍ ലങ്കാഗോപുരം തകര്‍ത്തു. അതോടെ രാക്ഷസന്മാര്‍ രംഗത്തെത്തി. അമ്പുകളും മരങ്ങളും ഇരു ഭാഗത്തേക്കും ചീറി പാഞ്ഞു. പോര്‍ വിളികളും ആര്‍ത്തനാദങ്ങളും ഉയര്‍ന്നു പൊങ്ങി. ഇരുട്ട് പരന്നു തുടങ്ങി. ആദ്യ ദിവസത്തെ പോര് അവസാനിച്ചു.


'' രാക്ഷസന്മാര്‍ മായാവികളാണ്. അവര്‍ വേഷ പ്രച്ഛന്നരായി രാത്രി എത്തിയേക്കാം '' വിഭീഷണന്‍ മുന്നറിയിപ്പ് നല്‍കി. അത് ശരിയായി. ശാര്‍ദ്ദൂലനും ഏതാനും അനുചരന്മാരും വാനര രൂപത്തില്‍ കപികള്‍ക്കിടയില്‍ രാത്രി എത്തി. അപകടം അറിഞ്ഞ മര്‍ക്കടന്മാര്‍ അവരെ പിടി കൂടി മര്‍ദ്ദിക്കാന്‍ തുടങ്ങി. നിശയുടെ നിശ്ശബ്ദതയെ ഭേദിച്ച് ആര്‍ത്തനാദങ്ങള്‍ ഉയര്‍ന്നു.


'' അവരെ വിട്ടേക്കൂ '' വിവരം അറിഞ്ഞ ശ്രീരാമന്‍ പറഞ്ഞു '' അവര്‍ ചെന്ന് രാവണനെ വിവരങ്ങള്‍ അറിയിക്കട്ടെ ''. മോചിതരായ രാക്ഷസര്‍ രാവണന്‍റെ അടുത്തേക്കോടി.


'' ഒന്നുകില്‍ സീതദേവിയെ തിരിച്ചേല്‍പ്പിക്ക്, അല്ലെങ്കില്‍ യുദ്ധത്തിന് ഇറങ്ങ് '' പിറ്റേന്ന് അംഗദന്‍ രാവണനെ വെല്ലുവിളിച്ചു '' രണ്ടിലൊന്ന് ചെയ്യാത്ത പക്ഷം മുഴുവന്‍ രാക്ഷസന്മാരേയും വധിച്ച ശേഷം ലങ്കാപുരി ചുട്ടെരിച്ച് ദേവിയുമായി പോകുന്നതാണ് ''. അംഗദന്‍ അധിക്ഷേപ വാക്കുകള്‍ ചൊരിഞ്ഞു കൊണ്ടേയിരുന്നു.


രാവണന്‍ കോപിഷ്ടനായി. അംഗദനെ വധിക്കാന്‍ അവന്‍ സൈനികരെ അയച്ചു. എന്നാല്‍ അവരെ മുഴുവന്‍ അംഗദന്‍ വധിച്ചു. ഗോപുരം തകര്‍ത്തശേഷം അവന്‍ ചെന്ന് ശ്രീരാമനെ വിവരം അറിയിച്ചു. അത്യുഗ്രമായ പോരാട്ടങ്ങള്‍ കണ്ടുകൊണ്ട് പകല്‍ കടന്നുപോയി. വേല്‍കൊണ്ട് തന്നെ അക്രമിച്ച ജംബുബാലിയെ ഹനുമാന്‍ വധിച്ചു. ലക്ഷ്മണന്‍ വിരൂപാക്ഷനെ കൊന്നു. പ്രബലരായ പല രാക്ഷസ വീരന്മാരും മരണത്തിന് കീഴടങ്ങി. ഇന്ദ്രജിത്തിനോട് ഏറ്റുമുട്ടിയ അംഗദന്‍ അവന്‍റെ കുതിരകളേയും സൂതനേയും കൊന്ന് തേരും തകര്‍ത്തു വിട്ടു.


സൂര്യന്‍ സമുദ്രത്തില്‍ കുളിക്കാനിറങ്ങി. ആകാശത്ത് മറഞ്ഞു നിന്ന ഇന്ദ്രജിത്ത് പ്രതിയോഗികളുടെ നേരെ നാഗാസ്ത്രം പ്രയോഗിച്ചു. വാനരന്മാരോടൊപ്പം രാമലക്ഷ്മണന്മാരും അതിന്‍റെ ശക്തിയില്‍ മോഹാലസ്യപ്പെട്ടു കിടക്കുന്നത് കണ്ട് വിഭീഷണന്‍ കണ്ണീര്‍ വാര്‍ത്തു. ലങ്ക ഉത്സവ ലഹരിയിലായി. രാവണന്‍ പുത്രനെ ആശ്ലേഷിച്ചു.


വിഭീഷണന്‍ ദൂരെ നിന്ന് ചിറകടിയൊച്ച കേട്ടു. നിമിഷങ്ങള്‍ക്കകം സമുദ്രം കടന്ന് പക്ഷിശ്രേഷ്ഠന്‍ പറന്നെത്തി രാമ പാദങ്ങളില്‍ നമസ്ക്കരിച്ചു. നാഗാസ്ത്രത്തിന്‍റെ ബന്ധനം അഴിഞ്ഞു. എല്ലാവരും ഉറക്കത്തില്‍ നിന്ന് ഉണര്‍ന്നു. ശ്രീരാമന്‍റെ അനുഗ്രഹം ഏറ്റുവാങ്ങി ഗരുഡന്‍ പറന്നകന്നു.

Saturday, August 4, 2012

നിഴലായ് എന്നുമൊപ്പം - അദ്ധ്യായം - 22.

പൂവിതള്‍ - 22.

പ്രഭാത സൂര്യന്‍റെ കിരണങ്ങള്‍ മണല്‍പ്പരപ്പില്‍ വീണു തുടങ്ങി. വാനരന്മാര്‍ സമുദ്രത്തിലേക്ക് നോക്കി നില്‍പ്പാണ്. ഇതു മറി കടന്നു വേണം ലങ്കയിലെത്താന്‍. അപ്പോഴാണ് ഒരു അപരിചിതന്‍ സുഗ്രീവനെ അന്വേഷിച്ച് എത്തുന്നത്. വാനരന്മാര്‍ അവനെ സുഗ്രീവന്ന് മുന്നിലെത്തിച്ചു.


'' ഭവാന്‍ ആരാണ്. എന്തിനാണ് എന്നെ അന്വേഷിച്ചത് '' സുഗ്രീവന്‍ ചോദിച്ചു.


'' ലങ്കാധിപതി രാവണന്‍റെ ദൂതനായ ശുകനാണ് ഞാന്‍ '' ആഗതന്‍ പറഞ്ഞു '' കിഷ്ക്കിന്ധരാജനെ ചില കാര്യങ്ങള്‍ എനിക്ക് അറിയിക്കാനുണ്ട് ''.


'' എന്തായാലും മടി കൂടാതെ പറഞ്ഞോളൂ ''.


'' ഭവാനോട് ലങ്കേശന് ഒരു വിരോധവും ഇല്ല. നിങ്ങള്‍ തമ്മില്‍ അലോഹ്യം ഉണ്ടാവാനുള്ള ഒരു സംഭവവും ഇതുവരെ ഉണ്ടായിട്ടുമില്ല. ശ്രീരാമന്‍റെ പത്നി സീതയെ രാവണന്‍ പിടിച്ചെടുത്തതിന് മര്‍ക്കടന്മാര്‍ക്ക് വിദ്വേഷം തോന്നേണ്ട കാര്യമില്ല. ആയതിനാല്‍ കപികളോടു കൂടി ഭവാന്‍ എത്രയും പെട്ടെന്ന് കിഷ്ക്കിന്ധയിലേക്ക് തിരിച്ചു പോവുന്നതാണ് ഉചിതം ''.


'' കാര്യങ്ങള്‍ നിങ്ങള്‍ കരുതുന്ന മട്ടിലല്ല '' സുഗ്രീവന്‍ മറുപടി പറഞ്ഞു '' എന്നെ വധിക്കാന്‍ ഒരുങ്ങി നിന്ന ബാലിയെ കൊന്ന് എന്‍റെ ജീവന്‍ രക്ഷിച്ചത് ശ്രീരാമനാണ്. കിഷ്ക്കിന്ധയുടെ രാജാവായതും അദ്ദേഹത്തിന്‍റെ കരുണയിലാണ്. അതിനാല്‍ എനിക്ക് അദ്ദേഹത്തോട് കടപ്പാടുണ്ട്. മാത്രമല്ല ഞാന്‍ സീതയെ വീണ്ടെടുക്കുന്നതിന്ന് സഹായിക്കാമെന്ന് സഖ്യം ചെയ്തിട്ടുമുണ്ട് ''.


'' നിങ്ങള്‍ കപികള്‍ക്ക് വിശേഷബുദ്ധിയില്ലാതതുകൊണ്ടാണ് രാവണനോട് യുദ്ധം ചെയ്യാമെന്ന് തോന്നുന്നത്. കേവലം രണ്ടു മനുഷ്യന്മാര്‍ മാത്രമാണ് നിങ്ങള്‍ക്കൊപ്പമുള്ളത്. മറിച്ച് രാവണന്‍റെ കാര്യമോ ? സര്‍വ്വ ലോകങ്ങളും ആ പേര് കേട്ടാല്‍ ഞെട്ടി വിറയ്ക്കും. കൈലാസത്തെ എടുത്ത് അമ്മാനമാടിയിട്ടുള്ള ആളാണ് രാവണന്‍. നിങ്ങള്‍ വിചാരിച്ചാല്‍ അദ്ദേഹത്തെ ഒന്നും ചെയ്യാന്‍
കഴിയില്ല ''.


ശുകന്‍റെ സംഭാഷണം വാനരന്മാര്‍ക്ക് രസിച്ചില്ല. അവര്‍ കൂട്ടം ചേര്‍ന്ന് ശുകനെ മര്‍ദ്ദിക്കാന്‍ തുടങ്ങി. പ്രാണ രക്ഷാര്‍ത്ഥം അവന്‍ ശ്രീരാമനെ വിളിച്ചു നിലവിളിച്ചു.


'' ഇവന്‍ ദൂതനാണ്. അതിനാല്‍ ഇവനെ വധിക്കരുത് '' ശ്രീരാമന്‍ പറഞ്ഞു '' പക്ഷെ ഇവന്‍ ഇവിടെ നിന്ന് പോവാതെ നിങ്ങള്‍ സൂക്ഷിക്കണം. ഉചിതമായ അവസരത്തില്‍ നമുക്ക് ഇവനെ പോവാന്‍ അനുവദിക്കാം ''. ശുകന്‍ കപികളുടെ നിരീക്ഷണത്തിലായി.


'' സമുദ്രം കടക്കുന്നതിനുള്ള ഉപായം പറയുവിന്‍ '' ശ്രീരാമന്‍ അനുചരന്മാരോട് ആവശ്യപ്പെട്ടു.


'' അഞ്ചു യോജന വീതിയില്‍ നൂറ് യോജന നീളം വരുന്ന ഒരു ചിറ നമുക്ക് പടുത്തുയര്‍ത്താം '' സുഗ്രീവന്‍ പറഞ്ഞു '' അതിനു മുമ്പ് വരുണന്‍റെ അനുഗ്രഹം വാങ്ങേണ്ടതുണ്ട് ''. ആ പറഞ്ഞത് ഉചിതമാണെന്ന് എല്ലാവര്‍ക്കും തോന്നി. മൂന്ന് ദിവസം അഹോരാത്രം വരുണനെ സ്തുതിച്ചു കൊണ്ട് ശ്രീരാമന്‍ സമുദ്രതീരത്ത് നിന്നു. എന്നിട്ടും വരുണന്‍ കനിഞ്ഞില്ല.


'' എന്‍റെ ചാപവും ബാണങ്ങളും എടുക്കൂ '' ശ്രീരാമന്‍ ലക്ഷ്മണനോട് പറഞ്ഞു '' ഇപ്പോള്‍ തന്നെ ഞാന്‍ ഈ സമുദ്രത്തെ ഇല്ലാതാക്കുന്നുണ്ട് ''. സാഗരം ഇളകി മറിഞ്ഞു. അതില്‍നിന്ന് ദിവ്യമായ ആഭരണങ്ങളും വേഷവും ധരിച്ച വരുണന്‍ കേറി വന്ന് ശ്രീരാമപാദങ്ങളില്‍ വീണു.


''ദുഖിച്ച് നിഷ്ക്രിയനായി ഇരിക്കുന്ന അങ്ങയെ കോപിഷ്ഠനാക്കാന്‍ വേണ്ടി ഞാന്‍ മനപ്പൂര്‍വ്വം വരാതിരുന്നതാണ് '' വരുണന്‍ പറഞ്ഞു '' അവിടുന്ന് എന്നോട് പൊറുക്കണം. ലങ്കയിലേക്കുള്ള മാര്‍ഗ്ഗം ഞാന്‍ കാണിച്ചു തരുന്നുണ്ട് ''.

പാറകള്‍ തച്ചുടച്ച് കൊണ്ടു വന്ന് കപികള്‍ സമുദ്രത്തില്‍ നിക്ഷേപിക്കുന്നതും നോക്കി ശ്രീരാമന്‍ നില്‍ക്കുകയാണ്. എല്ലാവരും അത്യുത്സാഹത്തോടെ പണിയില്‍ വ്യാപൃതരായിരിക്കുന്നു. നനഞ്ഞ ശരീരവുമായി മണ്ണില്‍ വീണുരുണ്ട് ദേഹത്ത് പറ്റിയ മണല്‍ ചിറയിലെത്തിക്കുകയാണ് ഒരു അണ്ണാന്‍. അതു കണ്ട ലക്ഷ്മണന്‍ ആ ദൃശ്യം ജ്യേഷ്ഠന് കാണിച്ചു കൊടുത്തു.


'' ജ്യേഷ്ഠാ, ആ പാവം ജീവി എന്തിനാണ് ഇങ്ങിനെ കഷ്ടപ്പെടുന്നത്. അത് വിചാരിച്ചാല്‍ എന്താണ് ചെയ്യാനാവുക ''.


'' കുമാരാ, എത്രത്തോളം ചെയ്യാനായി എന്നതല്ല, ചെയ്യുന്ന പ്രവര്‍ത്തിക്ക് പിന്നിലുള്ള ചേതോ വികാരമാണ് കണക്കിലെടുക്കേണ്ടത്. ആരും നിര്‍ബ്ബന്ധിച്ചിട്ടല്ല ആ അണ്ണാന്‍ ജോലി ചെയ്യുന്നത് ഒരു നിമിഷംപോലും വിശ്രമിക്കാതെ ആ ജീവി അതിന് ആവുന്ന മട്ടില്‍ പണിചെയ്യുന്നു ''.


അണ്ണാനെ കയ്യിലെടുത്ത് അതിന്‍റെ പുറത്ത് ശ്രീരാമന്‍ വാത്സല്യത്തോടെ തലോടി. ആ വിരലുകള്‍ സ്പര്‍ശിച്ച ഭാഗത്ത് രേഖകള്‍ തെളിഞ്ഞു വരുന്നത് ലക്ഷ്മണന്‍ അത്ഭുതത്തോടെ നോക്കി.


ചിറയുടെ നിര്‍മ്മാണം അഞ്ചു നാള്‍ കൊണ്ട് പൂര്‍ത്തീകരിച്ചു. ആറാമത്തെ ദിവസം ലങ്കയിലേക്കുള്ള യാത്ര തുടങ്ങി. വാനരസേന ഏറെ ഉത്സാഹത്തോടെയാണ് നടക്കുന്നത്. ഹനുമാന്‍ ശ്രീരാമനേയും അംഗദന്‍ ലക്ഷ്മണനേയും ചുമന്ന് അവര്‍ക്ക് മുന്നിലുണ്ട്. ആ യാത്ര സുബേലാചലത്തില്‍ അവസാനിച്ചു. അകലെ ലങ്കാപുരി പ്രൌഡിയോടെ തലയുയര്‍ത്തി നില്‍പ്പുണ്ട്. വരാന്‍ പോവുന്ന വിപത്ത് അതിന് അറിയില്ലല്ലോ.


'' നിങ്ങള്‍ ബന്ധിയാക്കിയ ശുകനെ മോചിപ്പിക്കുവിന്‍ '' ശ്രീരാമന്‍ കപികളോട് പറഞ്ഞു '' അവന്‍ ചെന്ന് രാവണനോട് വൃത്താന്തമെല്ലാം അറിയിക്കട്ടെ ''.


താണു തൊഴുത് ശുകന്‍ യാത്രയായി. കനത്തു വരുന്ന ഇരുളില്‍ അയാള്‍ അലിഞ്ഞലിഞ്ഞ് ഇല്ലാതായി.

നിഴലായ് എന്നുമൊപ്പം - അദ്ധ്യായം - 21.

പൂവിതള്‍ - 21.

ഹര്‍ഷാരവത്തോടെ വാനരന്മാര്‍ ഹനുമാനെ എതിരേറ്റു. സീതയെ കാണാന്‍ കഴിഞ്ഞോ എന്നാണ് എല്ലാവര്‍ക്കും അറിയേണ്ടത്. ലങ്കാപുരി എങ്ങിനെയുണ്ട്, രാവണനെ കണാനായോ എന്നൊക്കെ ചിലര്‍ക്കറിയണം. ചുരുങ്ങിയ വാക്കുകളില്‍ ഹനുമാന്‍ എല്ലാ വിവരവും പറഞ്ഞൊപ്പിച്ചു.


'' ഇനി എല്ലാവരും ഭക്ഷണം കഴിക്കിന്‍. പിന്നെ വൈകാതെ ശ്രീരാമസന്നിധിയിലെത്തി വൃത്താന്തം അറിയിക്കണം '' ജാംബവാന്‍ പറഞ്ഞു '' ഹനുമാന്‍ ലങ്കയിലേക്ക് പോയ ശേഷം ഞങ്ങളാരും ഒന്നും കഴിച്ചിട്ടില്ല. കാര്യ സാദ്ധ്യത്തിന്നുവേണ്ടി എല്ലാവരും പ്രാര്‍ത്ഥനയിലായിരുന്നു ''.


ലക്ഷ്മണന്‍ അകലെ നിന്ന് ശബ്ദകോലാഹലങ്ങള്‍ കേട്ടു. ശ്രീരാമനും സുഗ്രീവനുമൊപ്പം തെക്കു ഭാഗത്തേക്ക് തിരച്ചിലിന്ന് ചെന്ന വാനരന്മാരെ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് ദിവസങ്ങളായി. മറ്റു ദിശകളിലേക്ക് ചെന്നവര്‍ മടങ്ങിയെത്തിട്ട് ദിവസങ്ങളായി.


'' ദക്ഷിണ ഭാഗത്തേക്ക് പോയവര്‍ മടങ്ങി വരികയാണെന്ന് തോന്നുന്നു '' സുഗ്രീവന്‍ പറഞ്ഞു '' ഈ ആര്‍പ്പുവിളികളും ബഹളവും സൂചിപ്പിക്കുന്നത് അവര്‍ കാര്യം സാധിച്ചിട്ടുണ്ട് എന്നാണ് ''.


ഹനുമാന്‍ ചൂഡാരത്നം നല്‍കി അടയാള വാക്യം പറഞ്ഞതും ശ്രീരാമന്‍ എഴുന്നേറ്റ് അദ്ദേഹത്തെ ആലിംഗനം ചെയ്തു.


'' പറയൂ ഹനുമാന്‍, എന്തൊക്കെയാണ് ദേവിയുടെ വിശേഷങ്ങള്‍ '' ശ്രീരാമന്‍ ചോദിച്ചു '' എല്ലാം
ഒന്നൊഴിയാതെ എന്നെ പറഞ്ഞു കേള്‍പ്പിക്കൂ ''.


സുരാസുവിനെ കണ്ടതു മുതല്‍ തിരിച്ച് എത്തിയതു വരെയുള്ള എല്ലാ സംഭവങ്ങളും ഹനുമാന്‍
വര്‍ണ്ണിച്ചു.


'' ദേവന്മാര്‍ക്കുപോലും അസാദ്ധ്യമായ കാര്യങ്ങളാണ് ഹനുമാന്‍ ചെയ്തിരിക്കുന്നത് '' ശ്രീരാമന്‍ എല്ലാവരോടുമായി പറഞ്ഞു '' സകല പ്രതിബന്ധങ്ങളേയും തകര്‍ത്ത് നൂറു യോജന വീതിയുള്ള ദക്ഷിണ വാരിധി കടന്ന് ലങ്കയിലെത്തിയ അദ്ദേഹം സീതാദേവിയെ കാണുക മാത്രമല്ല രാവണന്‍റെ സൈന്യത്തിന്‍റെ കാല്‍ ഭാഗത്തെ കൊല ചെയ്ത് ലങ്കാപുരി ചുട്ടെരിച്ചാണ് തിരിച്ചെത്തിയത്. ഈ വിധം വീരന്മാരുടെ സഹായമുണ്ടെങ്കില്‍ കാര്യസാദ്ധ്യം ഉറപ്പാണ്. എങ്കിലും ''.


'' എന്താണ് നിന്തിരുവടി അര്‍ദ്ധോക്തിയില്‍ നിറുത്തിയത് '' സുഗ്രീവന്‍ ചോദിച്ചു '' അവിടുത്തെ മനസ്സില്‍ തോന്നുന്നത് എന്തായാലും വെളിപ്പെടുത്തുക ''.


'' ഹനുമാന്‍ പറഞ്ഞ രണ്ടു കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. നൂറു യോജന ദൂരം സമുദ്രം
കടക്കാനുണ്ട്. അത് എങ്ങിനെ കഴിയുമെന്ന് ചിന്തിക്കണം. അതുമാത്രമല്ല രാവണന്‍റെ സേനാബലം വലുതാണ്. അതിനെ നേരിടാനുള്ള ശേഷി നമുക്കുണ്ടോ എന്ന് ആലോചിക്കണം. ശത്രുവിന്‍റെ ബലം അറിയാതെ പോരിനിറങ്ങുന്നത് ബുദ്ധിയല്ല ''.


'' ഇതൊര്‍ത്ത് നിന്തിരുവടി വിഷമിക്കരുത് '' സുഗ്രീവന്‍ എഴുന്നേറ്റു പറഞ്ഞു '' സമുദ്രത്തില്‍ ചിറ
കെട്ടി നമ്മള്‍ ലങ്കയിലേക്ക് ചെല്ലും. നളനെ അതിന്‍റെ ചുമതല ഏല്‍പ്പിച്ചാല്‍ മാത്രം മതി. അയാള്‍ അത് ചെയ്തോളും. പിന്നെ സേനബലത്തെ കുറിച്ചാണ്. ഹനുമാന്‍ ഒറ്റയ്ക്ക് രാക്ഷസേനയുടെ കാല്‍ഭാഗത്തെ ഇല്ലാതാക്കിയില്ലേ. പിന്നെ നാമെന്തിന് പരിഭ്രമിക്കണം ''.


'' എങ്കില്‍ നമ്മള്‍ ഇനി വൈകിക്കേണ്ടാ. ഇന്ന് ഉത്രം നാളാണ്. ഏതു കാര്യത്തിന് പുറപ്പെട്ടാലും
വിജയത്തില്‍ പര്യവസാനിക്കുന്ന നല്ല നക്ഷത്രം. ഉടനെ പുറപ്പെടുക ''. ശ്രിമചന്ദ്രന്‍ ഹനുമാന്‍റെ തോളിലേറി, ലക്ഷ്മണന്‍ അംഗദന്‍റേയും. ആര്‍ത്തു വിളിച്ചുകൊണ്ട് സംഘം തെക്കോട്ട് നീങ്ങി. സൂര്യാസതമനത്തിന്ന് തൊട്ടുമുമ്പാണ് അവര്‍ സമുദ്രതീരത്ത് എത്തിയത്.


'' ഇന്ന് നമ്മള്‍ ഇവിടെ കൂടുകയാണ്. കപികള്‍ ഉറങ്ങുമ്പോള്‍ രാത്രീഞ്ചരന്മാരായ രാക്ഷസന്മാര്‍
ഉപദ്രവിക്കാനിടയുണ്ട്. അത്തരം അക്രമങ്ങള്‍ സംഭവിക്കാതെ നോക്കണം. സമുദ്രത്തില്‍ ചിറ കെട്ടുന്ന കാര്യം ചിന്തിക്കുകയും വേണം ''.


സന്ധ്യാ വന്ദനത്തിന്നു ശേഷം ലക്ഷ്മണന്‍, സുഗ്രീവന്‍, ഹനുമാന്‍ എന്നിവരോടൊപ്പം ശ്രീരാമന്‍
പര്‍വ്വത ശിഖരത്തിലേക്ക് ചെന്നു. കണ്ണില്‍പ്പെട്ട ഫലങ്ങള്‍ ഭക്ഷിച്ചും മരച്ചില്ലകളില്‍ ചാടി കളിച്ചും വാനരന്മാര്‍ സമയം പോക്കി. അപ്പോഴാണ് ശ്രീരാമസ്തുതികളുമായി അഞ്ചുപേര്‍ ആകാശമദ്ധ്യേ പ്രത്യക്ഷപ്പെട്ടത്.


'' ലങ്കാധിപന്‍ രാവണന്‍റെ ഏറ്റവും ഇളയ സഹോദരനായ വിഭീഷണനാണ് ഞാന്‍ '' നേരെ മുമ്പില്‍ വന്നു തൊഴുതു നിന്ന് കൂട്ടത്തില്‍ ഒരുവന്‍ പറഞ്ഞു '' കൂടെയുള്ള ഇവര്‍ എന്‍റെ അമാത്യന്മാരാണ്. എനിക്ക് ജ്യേഷ്ഠനെ ഉപദേശിക്കേണ്ടതായ ഒരു അവസ്ഥ സംജാതമായി. സീതയെ അപഹരിച്ചത് തെറ്റാണെന്നും അവരെ ഉടനെത്തന്നെ ശ്രീരാമനെ ഏല്‍പ്പിക്കണമെന്നും ഞാന്‍ പറയുകയുണ്ടായി. ക്രുദ്ധനായ രാക്ഷസ രാജാവ് എന്നെ വധിക്കാനൊരുങ്ങി. ശരണം പ്രാപിക്കാന്‍ എനിക്ക് മറ്റൊരു ഇടമില്ല. നിന്തിരുവടി എന്നെ രക്ഷിക്കണം ''.


'' ഇവന്‍റെ വാക്കുകള്‍ വിശ്വസിക്കരുത് '' സുഗ്രീവന്‍ ഉടനെ ഇടപെട്ടു '' രാവണന്‍റെ സഹോദരനാണ് ഇവന്‍ . ഇപ്പോള്‍ അഭയം ചോദിച്ചു വന്നത് നമ്മെ ചതിക്കാനാണ് ''.


ഇത് കേട്ടതും ഹനുമാന്‍ എഴുന്നേറ്റു.


'' പ്രഭോ, വിഭീഷണന്‍ അത്തരക്കാരനല്ല. രാവണന്‍റെ സ്വഭാവമല്ല വിഭീഷണന്‍റേത്. രാവണന്‍ എന്നെ വധിക്കാന്‍ അജ്ഞാപിച്ചപ്പോള്‍ അതിനെതിരായി സംസാരിച്ചത് ഇദ്ദേഹമാണ്. നമുക്ക് ഇദ്ദേഹത്തെ മിത്രമായി കരുതാം ''.


'' അങ്ങിനെയെങ്കില്‍ നമുക്ക് ഇദ്ദേഹത്തിനെ സംരക്ഷിക്കേണ്ട ചുമതലയുണ്ട് '' ശ്രീരാമന്‍ പറഞ്ഞു '' അഭയം തേടി വന്നവനെ രക്ഷിക്കുന്നത് അശ്വമേധയാഗം ചെയ്തതിന്ന് സമമാണ്. ഇദ്ദേഹത്തെ നാം ഇപ്പോള്‍ തന്നെ ലങ്കാധിപതിയായി അഭിഷേകം ചെയ്യുന്നുണ്ട്. അതിനു വേണ്ട ഒരുക്കങ്ങള്‍ ഉടനെ ചെയ്യുക ''.


ലക്ഷ്മണനോടൊപ്പം മറ്റുള്ളവരും സാധനങ്ങള്‍ സംഭരിക്കാനോടി. വാദ്യഘോഷങ്ങള്‍ മുഴങ്ങി. ആകാശത്തു നിന്ന് ദേവകള്‍ പുഷ്പവൃഷ്ടി നടത്തി. ലക്ഷ്മണന്‍ വിഭീഷണന്‍റെ കിരീടധാരണം നടത്തി.


'' അര്‍ക്കചന്ദ്രന്മാര്‍ ഉള്ളേടത്തോളം കാലം നിന്‍റെ കീര്‍ത്തി നില നില്‍ക്കട്ടെ '' ലങ്കയുടെ പുതിയ ഭരണാധിപന്‍റെ ശിരസ്സില്‍ ശ്രീരാമന്‍ കൈ വെച്ചു.

Thursday, August 2, 2012

നിഴലായ് എന്നുമൊപ്പം - അദ്ധ്യായം - 20.

പൂവിതള്‍ - 20.

ലങ്കാപുരിയില്‍ കടന്ന് നാശനഷ്ടങ്ങള്‍ വരുത്തുകയും ഉദ്യാന പാലകരേയും ഒട്ടനേകം ഭടന്മാരേയും വധിക്കുകയും ചെയ്ത മര്‍ക്കടനെ എല്ലാവരും കാത്തിരിക്കുമ്പോഴാണ്, ഹനുമാനെ ആനയിച്ച് രാക്ഷസന്മാര്‍ എത്തുന്നത്. അതോടെ സഭയില്‍ ആരവം മുഴങ്ങി.
കൂസലില്ലാതെ ഹനുമാന്‍ എല്ലാം നോക്കി നിന്നു.


'' പിതാവേ, ഞാന്‍ പറഞ്ഞതുപോലെ അക്രമകാരിയായ കുരങ്ങനെ പിടിച്ചു കെട്ടി കൊണ്ടു
വന്നിട്ടുണ്ട്. അവനെ വിസ്തരിച്ച് ഉചിതമായ ശിക്ഷ നടപ്പിലാക്കുക ''ഇന്ദ്രജിത്ത് രാവണനെ
വണങ്ങി.


രാവണന്‍ കോപത്തോടെ അക്രമകാരിയെ നോക്കി. ഒരു പരിഭ്രമവും ഇല്ലാതെ നില്‍ക്കുന്ന
ഇവന്‍ സാധാരണക്കാരനല്ല. വേഗത്തില്‍ വിചാരണ ചെയ്ത് ഇവനെ ശിക്ഷിക്കണം. അവന്‍
സിംഹാസനത്തില്‍ ഇരുന്നതും സ്വന്തം വാല് ദീര്‍ഘിപ്പിച്ച് ചുരുളാക്കി ഹനുമാന്‍ അതിനു മുകളിലേക്ക് ചാടിയിരുന്നു. ഇപ്പോള്‍ രാവണന്‍റെ ഇരിപ്പിടത്തേക്കാള്‍ പൊക്കത്തിലാണ്
ഹനുമാന്‍ ഇരിക്കുന്നത്.


'' പ്രഹസ്താ '' രാവണന്‍ വിളിച്ചു '' ഈ മര്‍ക്കടന്‍ എവിടെ നിന്ന് വന്നവനാണ്, എന്തിനാണ് വന്നത്, തോട്ടക്കാരേയും ഭടന്മാരേയും കൊന്നത് എന്തിനാണ് എന്നെല്ലാം അന്വേഷിക്കുക ''.

'' ഹേ വാനരാ, ലങ്കാധിപതി ചോദിച്ചതെല്ലാം കേട്ടല്ലോ. അറിയുന്നതെല്ലാം സത്യസന്ധമായി പറയുക. അറിവില്ലായ്മകൊണ്ട് ചെയ്ത തെറ്റുകള്‍ അദ്ദേഹം ക്ഷമിക്കുന്നതാണ്. രാവണന്‍റെ സഭ ബ്രഹ്മസഭയ്ക്ക് തുല്യമാണെന്ന് നീ അറിയുക ''.


'' നീചനും ബുദ്ധിഹീനനുമായ രാക്ഷസാ '' ഹനുമാന്‍ പറഞ്ഞു തുടങ്ങി '' ശ്രീരാമ ദൂതനായ ഹനുമാനാണ് ഞാന്‍. നീ എന്‍റെ പ്രഭുവിന്‍റെ ധര്‍മ്മപത്നിയായ സീതാദേവിയെ ഇവിടേക്ക് ബലാല്‍ക്കാരമായി പിടിച്ചുകൊണ്ടു വന്നിട്ടുണ്ട്. അനുജന്‍ ലക്ഷ്മണനോടൊപ്പം പത്നിയെ തിരഞ്ഞു നടക്കുന്ന അദ്ദേഹത്തെ ഞാന്‍ കാണുകയുണ്ടായി. സൂര്യാത്മജനായ സുഗ്രീവന് ആ പുണ്യപുരുഷനെ ഞാന്‍ പരിചയപ്പെടുത്തി. ജ്യേഷ്ഠനായ ബാലിയെ വധിച്ച് സുഗ്രീവനെ രക്ഷിച്ചുകൊള്ളാമെന്ന് ശ്രീരാമനും, സീതയെ വീണ്ടെടുക്കാന്‍ സഹായിക്കാമെന്ന് സുഗ്രീവനും സമ്മതിച്ച് അവര്‍ തമ്മില്‍ സഖ്യം ചെയ്തു. അതു പ്രകാരം ബാലിയെ നിഗ്രഹിച്ച് സുഗ്രീവനെ കിഷ്ക്കിന്ധാധിപതിയാക്കി എന്‍റെ പ്രഭു വാഴിച്ചു. ശ്രീരാമപത്നിയെ അന്വേഷിച്ചു പുറപ്പെട്ട കോടാനുകോടി വാനരന്മാരില്‍പ്പെട്ട ഒരുവനാണ് ഞാന്‍. ദക്ഷിണ സമുദ്രം ചാടി കടന്ന് ഞാന്‍ ഇവിടെയെത്തി ''.


'' എങ്കില്‍ നീ ഉദ്യാനം തകര്‍ത്തതെന്തിന് '' പ്രഹസ്തന്‍ ചോദിച്ചു.


'' അത് ഒരു വാനരന്‍റെ വിക്രിയയായിട്ട് എടുത്താല്‍ മതി ''.


'' തോട്ടം സംരക്ഷിക്കുന്നവരേയും സൈനികരേയും വധിച്ചതോ ''.


'' ജീവനുള്ളവയ്ക്കെല്ലാം ഏറ്റവും പ്രിയങ്കരമായത് സ്വന്തം ശരീരമാണ്. ആരെങ്കിലും അതിനെ നോവിക്കാന്‍ ശ്രമിക്കുമ്പോള്‍ പ്രതികരിക്കുന്നത് സ്വാഭാവികം. നിന്‍റെ തോട്ടക്കാരും ഭടന്മാരും എന്നെ ദ്രോഹിക്കാന്‍ ശ്രമിച്ചു. അതുകൊണ്ട് ഞാന്‍ അവരെ വധിച്ചു ''.


'' ഹ ഹ ഹ. അപ്പോല്‍ നീ ഭയമുള്ള കൂട്ടത്തിലാണ് '' രാവണന്‍ ഉറക്കെ പൊട്ടിച്ചിരിച്ചു '' നിനക്ക് രാവണന്‍റെ വീരപരാക്രമങ്ങള്‍ അറിയില്ല. അതുകൊണ്ടാണ് ഇവിടെ വന്ന് ഇത്തമൊരു സാഹസം ചെയ്യാന്‍ മുതിര്‍ന്നത്. നിന്‍റെ അറിവില്ലായ്മ കണക്കിലെടുത്ത് ഞാന്‍ മാപ്പു തരുന്നുണ്ട്. വേഗംഖേദം പ്രകടിപ്പിച്ച് സ്ഥലം വിടുക. അല്ലെങ്കില്‍ രാവണന്‍ ആരെന്ന് നീ മനസ്സിലാക്കും ''.


'' എടോ മൂഢാ. എന്നെക്കുറിച്ചു നീയെന്താണ് കരുതിയത് '' ഹനുമാന്‍ കോപത്തോടെ അലറി '' നിനക്ക് എന്നെ ഒന്നും ചെയ്യാന്‍ ആവില്ല. എനിക്ക് മരണമില്ലെന്നും, എന്നെ വേദനിപ്പിക്കാന്‍ ആര്‍ക്കും ആവില്ലെന്നും മനസ്സിലാക്കുക. നിന്‍റെ മകന്‍ എയ്ത ബ്രഹ്മാസ്ത്രം എന്നെ ബന്ധിച്ചു എന്നെത് നേരാണ്. പക്ഷെ അത് നിമിഷ നേരത്തേക്ക് മാത്രമാണ്. നിന്നെ നേരില്‍ കണ്ട് ചിലത് പറയാനുള്ളതിനാല്‍ ബന്ധിതനാണെന്ന് നടിച്ചു കിടന്നതാണ് ''.


കോപം വര്‍ദ്ധിച്ചുവെങ്കിലും ഹനുമാന്‍ എന്താണ് പറയാന്‍ പോകുന്നത് എന്നറിയാനുള്ള ആകാംക്ഷയില്‍ രാവണന്‍ മൌനം ഭജിച്ചു.


'' അറിവില്ലാത്തവന് ധര്‍മ്മമാര്‍ഗ്ഗം ഉപദേശിക്കേണ്ടത് ജ്ഞാനികളുടെ ചുമതലയാണ്. ഞാന്‍ അതുകൊണ്ട് നിനക്ക് നല്ല മാര്‍ഗ്ഗം പറഞ്ഞു തരികയാണ് '' ഹനുമാന്‍ പറഞ്ഞു '' നശ്വരമാണ് ശരീരം എന്ന് നീ മനസ്സിലാക്കുക. കര്‍മ്മഫലം മാത്രമേ എന്നും കൂട്ടിനുണ്ടാവൂ. അതിനാല്‍ സത് കര്‍മ്മങ്ങള്‍ മാത്രമേ വിവേകമുള്ളവര്‍ ചെയ്യാറുള്ളു. നീയാകട്ടെ എന്നും അധാര്‍മ്മികമായ പ്രവര്‍ത്തികളാണ് ചെയ്തു വന്നത്. അന്യനെ ദ്രോഹിക്കുകയും അവരുടെ സ്വത്തുക്കളേയും സ്ത്രീകളേയും അപഹരിക്കുകയും ചെയ്തു വന്ന നീ പതിതനാണ്. ശ്രീരാമനാവട്ടെ എല്ലാ ഗുണങ്ങളും തികഞ്ഞ ഉത്തമപുരുഷനാണ്. ബലവാനായ ബാലിയെ ഒരേ ഒരമ്പുകൊണ്ട് അദ്ദേഹം നിഗ്രഹിച്ചത് ഞാന്‍ കണ്ട കാഴ്ചയാണ്. ലോകത്ത് ഒരു ശക്തിക്കും അദ്ദേഹത്തെ തോല്‍പ്പിക്കാന്‍ കഴിയില്ല. അങ്ങിനെയുള്ള ശ്രീരാമന്‍റെ പത്നിയെയാണ് നീ മോഷ്ടിച്ചു വന്നത്. എനിക്ക് നിന്നെ മാത്രമല്ല രാക്ഷസകുലത്തെ മുഴുവന്‍ ഇല്ലാതാക്കിയിട്ട് സീതാദേവിയെ കൊണ്ടുപോയി അദ്ദേഹത്തിനെ ഏല്‍പ്പിക്കാന്‍ കഴിയും. പക്ഷെ അത് അനുചിതമായ പ്രവര്‍ത്തിയാണ്. അതിനാല്‍ നീ സീതയെ ശ്രീരാമനെ ഏല്‍പ്പിച്ച് നമസ്ക്കരിക്കുക. എങ്കില്‍ അദ്ദേഹം നിന്‍റെ തെറ്റ് ക്ഷമിക്കുന്നതാണ്. അല്ലാത്തപക്ഷം രാമസായകമേറ്റ് മരണം വരിക്കാന്‍ ഒരുങ്ങിക്കൊള്ളുക ''.


'' ഇവനെ ഇപ്പോള്‍ത്തന്നെ വധിക്കുക '' കോപിഷ്ടനായ രാവണന്‍ ഗര്‍ജ്ജിച്ചു.


'' പ്രഭോ അങ്ങിനെ ചെയ്യരുത് '' രാവണന്‍റെ ഇളയ സഹോദരന്‍ വിഭീഷണന്‍ ഇടപെട്ടു '' ദൂതനെ വധിക്കുന്നത് നീതിക്ക് നിരക്കുന്നതല്ല. വേണമെങ്കില്‍ അംഗഭംഗം വരുത്തി തിരിച്ചയയ്ക്കാം ''.


ആലോചനക്കള്‍ക്കവസാനം തീരുമാനത്തിലെത്തി. വാനരന്മാരെ സംബന്ധിച്ചേടത്തോളം വാല് പ്രധാനമായ അവയവമാണ്. അതിനാല്‍ വാലിന്ന് തീവെക്കാമെന്ന് നിശ്ചയിച്ചു. എണ്ണ, നെയ്യ്, തുണികള്‍ എന്നിവ എത്തിച്ചു. വാലില്‍ തുണി ചുറ്റും തോറും അതിന്‍റെ ദൈര്‍ഘ്യം വര്‍ദ്ധിച്ചു വന്നു. ഒടുവില്‍ ലങ്കാപുരിയിലുള്ള മുഴുവന്‍ തുണികളും സ്നേഹദ്രവ്യങ്ങളും ഉപയോഗിച്ച് വാല് പൊതിഞ്ഞു തീ കൊളുത്തി. '' കള്ളന്‍, കള്ളന്‍ '' എന്ന് ആര്‍ത്തു വിളിച്ചുകൊണ്ട് രാക്ഷസന്മാരും വാലില്‍ തീയുമായി ഹനുമാനും തെരുവിലൂടെ നടന്നു തുടങ്ങി.


പെട്ടെന്ന് ഹനുമാന്‍ മുകളിലേക്ക് കുതിച്ചു ചാടി. വാലിലെ തീ ഗോപുരങ്ങളിലേക്ക് പകര്‍ന്നു, പിന്നീട് കണ്ണില്‍പ്പെട്ട സകല ഹര്‍മ്മ്യങ്ങളേയും അഗ്നിക്കിരയാക്കി അദ്ദേഹം മുന്നോട്ട് നീങ്ങി. നിമിഷങ്ങള്‍ക്കകം ലങ്കാപുരിയിലെ കെട്ടിടങ്ങളെല്ലാം അഗ്നിക്കിരയായി.


കുട്ടികളും സ്ത്രീകളുമടക്കം ധാരാളം രാക്ഷസര്ക്ക് ജീവന്‍ നഷ്ടമായി. നിരവധി വളര്‍ത്തു മൃഗങ്ങളും പക്ഷികളും മരണപ്പെട്ടു. രക്ഷപ്പെട്ടവര്‍ക്ക് രാവണനോട് കഠിനമായ ദേഷ്യം തോന്നി. ഈ ആപത്തിനെല്ലാം കാരണം ലങ്കാധിപതിയുടെ വിവേകമില്ലാത്ത ചെയ്തികളാണെന്ന് അവര്‍ കുറ്റപ്പെടുത്തി. '' ദുഷ്ടന്‍, മഹാപാപി, കുലം മുടിക്കാന്‍ ഒരുമ്പെട്ടവന്‍ '' എന്നിങ്ങനെ രാക്ഷസ സ്ത്രീകള്‍ രാവണനെ ഉച്ചത്തില്‍ അധിക്ഷേപിക്കാന്‍ തുടങ്ങി.


വാലിലെ തീ കടല്‍വെള്ളത്തിലണച്ചു. ശരീരം ചെറുതാക്കിയതോടെ വാലില്‍ ചുറ്റിയ തുണികള്‍
അഴിഞ്ഞു വീണു. ഹനുമാന്‍ ചുറ്റിനും ഒന്നു നോക്കി. അഗ്നിജ്വാലകള്‍ ആകാശത്തോളം ഉയര്‍ന്നു പൊങ്ങിയിരിക്കുന്നു. കടല്‍ വെള്ളത്തില്‍ തീനാളങ്ങള്‍ ചെഞ്ചായം പൂശുന്നുണ്ട്.


ശ്രീരാമനെ മനസ്സില്‍ ധ്യാനിച്ച് ഒറ്റ കുതിപ്പ്. ഉത്തര തീരം അടുത്തേക്ക് ഓടിയണയാന്‍ തുടങ്ങി.