Monday, July 30, 2012

നിഴലായ് എന്നുമൊപ്പം - അദ്ധ്യായം - 16.

പൂവിതള്‍ - 16.

സീതാന്വേഷണത്തിന്ന് തെക്കു ഭാഗത്തേക്ക് നിയോഗിക്കപ്പെട്ട വാനരന്മാര്‍ പരിഭ്രാന്തരായി. ദാഹജലം തേടി നടന്ന് അറിയപ്പെടാത്ത ഇടത്തില്‍ എത്തിയതും യോഗിനിയുടെ ആതിത്ഥ്യം സ്വീകരിച്ച് അവിടെ കൂടിയതും കാരണം സമയം കടന്നു പോയത് അറിഞ്ഞില്ല. മാസം ഒന്നാവാറായി. അനുവദിച്ച സമയം തീരുന്നു. സീതയെക്കുറിച്ചോ രാവണനെക്കുറിച്ചോ ഒരു വിവരവും ലഭിച്ചിട്ടില്ല.


'' പറഞ്ഞ സമയത്തിനുള്ളില്‍ തിരിച്ചെത്തിയില്ലെങ്കില്‍ വധിക്കുമെന്നാണ് സുഗ്രീവന്‍ കല്‍പ്പിച്ചത്. സുഗ്രീവാജ്ഞയ്ക്ക് ഇളക്കം വരില്ല. ബാലിയുടെ പുത്രനായ എന്നെയായിരിക്കും അദ്ദേഹം ആദ്യം വധിക്കുക. അതുകൊണ്ട് ഞാന്‍ കിഷ്ക്കിന്ധയിലേക്കില്ല '' അംഗദന്‍ എല്ലാവരോടുമായി പറഞ്ഞു '' നിങ്ങളെല്ലാവരും മടങ്ങി പൊയ്ക്കോളിന്‍. ഞാനിവിടെ കിടന്ന് മരിച്ചോളാം ''.


വാനരന്മാര്‍ കുറെപേര്‍ ദുഃഖം സഹിക്കാനാവാതെ കരഞ്ഞു. കൂടെ മരിക്കാന്‍ തയ്യാറാണെന്ന് കുറെ പേര്‍ പറഞ്ഞു. യോഗിനിയുടെ ആവാസസ്ഥലത്തേക്ക് മടങ്ങി ചെന്ന് സുഖമായി കഴിയാമെന്നായി വേറെ ചിലര്‍.


'' ശ്രീരാമസ്വാമി കരുണാമയനാണ്. മാത്രവുമല്ല, പുത്രതുല്യം അദ്ദേഹം നിന്നെ സ്നേഹിക്കുന്നുണ്ട് '' ഹനുമാന്‍ അംഗദനെ ആശ്വസിപ്പിച്ചു '' നിന്നെ വധിക്കാന്‍ അദ്ദേഹം അനുവദിക്കില്ല. ഞാന്‍ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിച്ച് കേള്‍ക്കുക ''.


ഹനുമാന്‍ പറഞ്ഞു തുടങ്ങി '' നീ മനസ്സില്‍ കരുതുന്നതുപോലെ സുഗ്രീവന് നിന്നോട് യാതൊരു വിധ വിദ്വേഷവുമില്ല. നിന്നെ വധിക്കണം എന്ന് അദ്ദേഹത്തിന് ഉദ്ദേശവും ഇല്ല. സുഗ്രീവന്‍റെ ശിക്ഷയില്‍ നിന്ന് രക്ഷപ്പെടുവാന്‍ യോഗിനിയെ കണ്ട സ്ഥലത്ത് ഒളിച്ചു പാര്‍ക്കാമെന്ന് ചിലര്‍ പറയുന്നത് കേട്ടു. മൂഢന്മാരായ അത്തരക്കാരുടെ വാക്കുകള്‍ കേട്ടു നടന്നാല്‍ ആപത്ത് സുനിശ്ചിതമാണ്. അതിനാല്‍ വംശ നാശത്തിന്ന് കാരണമായി തീരുന്ന അത്തരം പ്രവര്‍ത്തികള്‍ക്ക് നീ മുതിരരുത്. അതു മാത്രമല്ല രാമബാണത്തിന്ന് എത്താനാവാത്ത ഇടമില്ലെന്ന് എപ്പോഴും മനസ്സിലോര്‍ക്കുക. ഇനി ഭീതി വെടിഞ്ഞ് ശ്രീരാമ കാര്യാര്‍ത്ഥം ഇറങ്ങി പുറപ്പെടുക ''.


അതോടെ എല്ലാവരും ഉഷാറായി. വേഗത്തില്‍ അവര്‍ തെക്കോട്ടേക്ക് നടന്നു. സമുദ്ര തീരത്താണ് ഒടുവില്‍ എത്തിപ്പെട്ടത്. ഇനി മുന്നോട്ട് ഒരടി നീങ്ങാനാവില്ല. എല്ലാവരും അസ്തപ്രജ്ഞരായി.


'' മുന്നില്‍ കിടക്കുന്ന സാഗരം കണ്ടില്ലേ. ഇതിനെ മറി കടക്കാന്‍ ആര്‍ക്കും സാധിക്കുകയില്ലല്ലോ. നമ്മളുടെ പ്രയത്നമെല്ലാം വൃഥാവിലായി. മരണമൊഴിച്ച് നമുക്ക് മറ്റ് ആശ്രയമൊന്നുമില്ല.ഈശ്വര കല്‍പ്പിതം ഇങ്ങിനെയാണെന്ന് കരുതി സമാധാനിക്കുക '' വാനരന്മാരില്‍ ഒരുവന്‍ മൊഴിഞ്ഞു.


എല്ലാവരും ഇനിയെന്ത് എന്ന ആലോചനയിലായി. ദര്‍ഭ വിരിച്ചു കിടന്ന് നിരാഹാരമനുഷ്ഠിച്ച് മരണം വരിക്കാമെന്ന് തീരുമാനിച്ചു. പിന്നെ താമസിച്ചില്ല. എല്ലാവരും ചേര്‍ന്ന് ദര്‍ഭ ശേഖരിച്ചു കൊണ്ടുവന്ന് വിരിച്ചു കിടപ്പായി.


ഹനുമാന്‍റെ മനസ്സില്‍ ഖേദം നിറഞ്ഞു. ലക്ഷോപലക്ഷം വാനരന്മാരുടെ ഇടയില്‍ നിന്നാണ് ശ്രീരാമ സ്വാമി താല്‍പ്പര്യത്തോടെ തന്നെ വിളിച്ച് അംഗുലീയം ഏല്‍പ്പിച്ച് അടയാളവാക്യം ചൊല്ലി തന്നത്. അദ്ദേഹത്തിന്ന് തന്നിലുള്ള വിശ്വാസമല്ലേ അതിനുള്ള കാരണം. എന്നിട്ടും ഒന്നും
ചെയ്യാനാവാതെ മരണം കാത്തു കിടക്കുക. വല്ലാത്ത ഒരു ദുര്‍വ്വിധി തന്നെ.


'' മരിക്കുന്നതുവരെ നമ്മള്‍ മൌനവൃതമെടുക്കേണ്ട കാര്യമുണ്ടോ '' ഏതോ ഒരു വാനരന്‍ പറഞ്ഞു '' ഓരോന്ന് സംസാരിച്ചു കിടന്നു കൂടേ ''.


'' എങ്കില്‍ ശ്രീരാമന്‍റെ വൃത്താന്തങ്ങള്‍ തന്നെ ആവട്ടെ '' വേറൊരു മര്‍ക്കടന്‍ പറഞ്ഞു '' അദ്ദേഹത്തിന്‍റെ ആവശ്യമനുസരിച്ച് ഇറങ്ങിയവരല്ലേ നമ്മളൊക്കെ ''.


ശ്രീരമ ചരിതം കേട്ട് ദക്ഷിണ സമുദ്രം അലകളൊതുക്കി അടങ്ങി കിടന്നു. സിതാപഹരണത്തിലേക്ക് കഥ എത്തുകയാണ്. ഇതെല്ലാം കേട്ട് അടുത്തുള്ള ഗുഹയില്‍ ഭീമാകാരനായ ഒരു പക്ഷി ഇരിപ്പുണ്ട്. ചിറകുകളില്ലാത്തതിനാല്‍ പറക്കാന്‍ കഴിയാതെ വിശന്നിരിപ്പാണ് ആ പക്ഷി. മരണം പുല്‍കാനായി കിടക്കുന്ന വാനരന്മാരെ ഓരോരുത്തരെയായി ആഹരിക്കാമെന്നുള്ള നിനവിലാണ് അത്.


'' സീതയെ അപഹരിച്ച രാവണനോട് പോരാടി വീരമൃത്യു വരിച്ച ജടായു എവിടെ, ഒന്നും ചെയ്യാന്‍ കഴിയാതെ മരണത്തെ കാത്തു കിടക്കുന്ന നമ്മളെവിടെ ''. വാനരന്‍ അത്രയും പറഞ്ഞതും പക്ഷി മെല്ലെ നീങ്ങി അവരുടെ അടുത്തെത്തി. ഭീമാകാരമായ ആ രൂപം കണ്ട് മിക്കവരും പേടിച്ചു പോയി.


'' പേടിക്കേണ്ടാ. നിങ്ങളെ ഉപദ്രവിക്കാനല്ല ഞാന്‍ വന്നത് '' അത് പറഞ്ഞു '' നിങ്ങള്‍ ജടായു എന്ന് പറയുന്നത് കേട്ടു. ജടായുവിന്‍റെ സോദരന്‍ സമ്പാതിയാണ് ഞാന്‍ ''. കൂടപ്പിറപ്പിന്‍റെ മരണവാര്‍ത്ത കേട്ട് സമ്പാതി ദുഖിച്ചു.


'' നിങ്ങള്‍ എന്നെ സമുദ്ര തീരത്ത് എത്തിക്കുക. ഞാന്‍ ജടായുവിന്നു വേണ്ടി ബലി കര്‍മ്മങ്ങള്‍ അനുഷ്ഠിക്കട്ടെ '' പക്ഷിവര്യന്‍റെ അപേക്ഷ വാനരന്മാര്‍ നിറവേറ്റി.


'' ഇനി പറയൂ. എന്താ നിങ്ങള്‍ക്ക് വേണ്ടത് '' സമ്പാതി ചോദിച്ചു.


'' സീതയെ കണ്ടെത്തണം '' എല്ലാവരും ഒന്നിച്ച് പറഞ്ഞു.


'' ലങ്കാപുരിയില്‍ അശോക വനത്തില്‍ ശിംശിപാ വൃക്ഷ ചുവട്ടില്‍ സീത ദുഃഖിച്ചിരിപ്പുണ്ട് '' സമ്പാതി തെക്കോട്ടേക്ക് നോക്കി നിന്ന ശേഷം പറഞ്ഞു '' ശ്രീരാമ പത്നിയെ തേടി പോവുന്ന രാമ ഭക്തരായ നിങ്ങള്‍ക്ക് ഒരു പ്രയാസവും ഉണ്ടാവുകയില്ല ''. അടുത്ത നിമിഷം സമ്പാതിക്ക് പുതിയ ചിറകുകള്‍ മുളച്ചു. അത് വാനില്‍ പറന്നുയര്‍ന്നു.


ഇനിയെന്ത് എന്നായി വാനരന്മാരുടെ അടുത്ത ആലോചന.


'' സമുദ്രം ചാടി കടന്ന് അപ്പുറത്തെത്താന്‍ കഴിവുള്ളവര്‍ ആരുണ്ട് '' അംഗദന്‍ ചോദിച്ചു. ഒരു യോജന ദൂരം ചാടാം, പത്ത് യോജന ചാടം എന്നിങ്ങനെ ഓരോരുത്തര്‍ തങ്ങളുടെ കഴിവുകള്‍ വെളിപ്പെടുത്തി. മറ്റുള്ളവരുടെ പരിമിതികള്‍ കേട്ടിട്ടും ഹനുമാന്‍ മിണ്ടാതിരിക്കുകയാണ്. ചെറുപ്പം മുതലുള്ള തന്‍റെ വിരകൃത്യങ്ങള്‍ മറ്റുള്ളവര്‍ വര്‍ണ്ണിക്കുന്നത് കേട്ടതോടെ അദ്ദേഹത്തില്‍ ആത്മവിശ്വാസം നിറഞ്ഞു.


'' ശ്രീരാമ കാര്യാര്‍ത്ഥം ഞാനിതാ പുറപ്പെടുകയാണ് '' എന്നും പറഞ്ഞ് സമുദ്രം ചാടി കടക്കാനായി ഗന്ധമാദന പര്‍വ്വതത്തിന്നു മുകളില്‍ ഹനുമാന്‍ കയറി നിന്നു.

2 comments:

  1. പിന്തുടര്‍ന്ന് വായിക്കുന്നു
    ആശംസകള്‍

    ReplyDelete
  2. പകുതി ദൂരം പിന്നിട്ടു അല്ലേ.

    ReplyDelete