Sunday, July 15, 2012

നിഴലായി എന്നുമൊപ്പം.അദ്ധ്യായം - 1.

( മുപ്പത്തു മുക്കോടി ദൈവങ്ങളേയും നമിച്ചുകൊണ്ട് ശ്രീരാമപാദാംബുജങ്ങളില്‍ ഈ പൂവിതളുകള്‍ അര്‍പ്പിക്കുന്നു. ).

(പൂവിതള്‍ - 1).

അമ്മമാരെ വന്ദിച്ച് അനുഗ്രഹാശിസ്സുകള്‍ വാങ്ങിയ ശേഷം ശ്രീരാമനോടൊപ്പം ലക്ഷ്മണന്‍ അന്തപ്പുരത്തില്‍ നിന്ന് ഇറങ്ങി. കാലവിളംബം കൂടാതെ ഇനി യാത്ര തിരിക്കണം. കൌശികമുനി യാഗരക്ഷയ്ക്ക് കൂടെ കൊണ്ടുപോവാനായി കാത്ത് നില്‍ക്കുകയാണ്.

ലക്ഷ്മണകുമാരന്‍ ജ്യേഷ്ഠന്‍റെ മുഖത്തേക്ക് നോക്കി. പതിവുപോലത്തെ നിസ്സംഗഭാവമാണ് അവിടെ കാണാനുള്ളത്. യുദ്ധത്തെക്കുറിച്ചുള്ള ആശങ്കയോ, രണനൈപുണ്യം തെളിയിക്കാന്‍ അവസരം ലഭിച്ചതിലുള്ള ആഹ്ലാദമോ, പ്രിയപ്പെട്ടവരെ വേര്‍പിരിയുന്നതിലുള്ള വിഷമമോ, ആ മുഖത്ത് കാണ്മാനില്ല.

പിതാവിനെ പ്രണമിച്ച ശേഷം രാജഗുരു വസിഷ്ഠമഹര്‍ഷിയെ വന്ദിച്ചു ആശീര്‍വാദങ്ങള്‍ ഏറ്റു വാങ്ങി. അമാത്യരോട് വിട ചൊല്ലി വിശ്വാമിത്ര മഹര്‍ഷിയുടെ അരികിലേക്ക്ചെന്നു. അദ്ദേഹം ഇരുവരേയും ഗാഢമായി മാറോടണച്ചപ്പോള്‍ ആ കരവലയത്തില്‍ ഒതുങ്ങി നിന്നു.

രാജവീഥി കാനനപാതയായി രൂപം മാറുന്നതിന്ന് മുമ്പേ ജനപഥം ഇല്ലാതായി. ഇളം കാറ്റില്‍ നൃത്തം ചെയ്യുന്ന ഇലകളില്‍ നിന്നുള്ള മര്‍മ്മരമൊഴികെ മറ്റൊരു ശബ്ദവുമില്ല. ഒരു നിമിഷം മനസ്സ് അന്തപ്പുരത്തിലെ അമ്മമാരുടെ അരികിലെത്തി. യാത്ര ചോദിക്കാന്‍ ചെന്ന രംഗമാണ് കണ്‍മുന്നില്‍.

കൌസല്യാ മഹാറാണി പരിഭ്രമിച്ചിരിക്കുകയാണ്. രണ്ടുപേരേയും ഇരുവശത്തും ചേര്‍ത്തു നിര്‍ത്തി അവര്‍ മൂര്‍ദ്ധാവില്‍ ചുംബിച്ചു.

'' ദശരഥ മഹാരാജാവിന്ന് യുദ്ധനിപുണരായ എത്രയെത്ര സേനാനികളുണ്ട്. മഹാരാജാവിന്‍റെ യുദ്ധപാടവം തന്നെ മൂന്ന് ലോകങ്ങളിലും പ്രസിദ്ധമാണല്ലോ. പലപ്പോഴും ദേവന്മാര്‍പോലും രണാങ്കണങ്ങളിലെ സഹായത്തിനായി അദ്ദേഹത്തെ വിളിക്കാറുള്ളതല്ലേ. എന്നിട്ടുമെന്തേ മഹര്‍ഷിവര്യന്‍ ഈ ദൌത്യത്തിന്ന് കുമാരന്മാരേ തിരഞ്ഞെടുത്തത് '' മാതാവ് പരിതപിച്ചു.

'' അമ്മേ, എല്ലാ കാര്യങ്ങള്‍ക്കും ഓരോ കാരണമുണ്ടാവും എന്ന് അവിടുത്തേക്ക്അറിവുള്ളതല്ലേ. ഒട്ടും പരിഭ്രമിക്കാതെ ഞങ്ങളെ ആശീര്‍വദിക്കൂ '' ശ്രീരാമന്‍ മന്ദഹസിച്ചു. ജ്യേഷ്ഠനോടൊപ്പം ആ പാദങ്ങളില്‍ നമസ്കരിച്ച് എഴുന്നേറ്റു.

കൈകേയി രാജ്ഞി ജ്യേഷ്ഠനെ വാരി പുണരുന്നതും നോക്കി നിന്നു. എന്നും ഭരതനെക്കാളും ഇവര്‍ക്ക് മൂത്ത ആളോടാണ് വാത്സല്യം. '' വിജയി ഭവ '' നിറുകയില്‍ കൈ വെച്ചു രണ്ടാളേയും രാജ്ഞി അനുഗ്രഹിച്ചു.

പെറ്റമ്മയുടെ മുഖത്ത് വിഷമമോ സങ്കടമോ ഒട്ടും കാണ്മാനില്ല. പുഞ്ചിരിച്ചുകൊണ്ടാണ് അവര്‍ എതിരേറ്റത്.

'' മഹര്‍ഷിവര്യന്‍റെ ഉപദേശം അനുസരിച്ച് പ്രവര്‍ത്തിക്കുക. മംഗളം ഭവിക്കട്ടെ '' അതിലടങ്ങി അമ്മയുടെ ഉപദേശവും ആശീര്‍വാദവും.

'' കുമാരന്മാരേ '' മുനിവര്യന്‍റെ ശബ്ദം പരിസര ബോധം ഉണ്ടാക്കി '' ദേവനിര്‍മ്മിതികളായ ബല, അതിബല എന്നീ വിദ്യകള്‍ ഞാന്‍ നിങ്ങള്‍ക്ക് ഉപദേശിക്കുകയാണ്. അവ ജപിച്ചാല്‍ ദാഹവും വിശപ്പും നിങ്ങളെ ബാധിക്കുകയില്ല ''.

മഹര്‍ഷിയുടെ ഉപദേശമനുസരിച്ചതോടെ ക്ഷുത്പിപാസാദികള്‍ അനുഭവപ്പെട്ടില്ലെന്നു മാത്രമല്ല പുതിയൊരു ഉന്മേഷവും ഉണര്‍വും ശരീരത്തില്‍ വ്യാപിക്കുന്നതായി തോന്നുകയും ചെയ്തു. ഗംഗ നദി കടന്ന് നിബിഡവനത്തില്‍ പ്രവേശിച്ചതോടെ തികഞ്ഞ നിശ്ശബ്ദതയായി. കാറ്റുപോലും കടന്നു വരാന്‍ മടിക്കുന്നതുപോലെ.

'' ശ്രദ്ധിച്ചാലും '' മഹര്‍ഷിയുടെ വാക്കുകള്‍ ചെവിയില്‍ പതിച്ചു '' താടക എന്ന ഘോര രാക്ഷസി താമസിക്കുന്ന സ്ഥലമാണ് ഇവിടം. ക്രൂരയായ ആ ഭയങ്കരിയെ പേടിച്ച് മനുഷ്യരാരും ഈ വഴി സഞ്ചരിക്കാറില്ല. ലോക രക്ഷാര്‍ഥം ആ ഭയങ്കരിയെ രാമചന്ദ്രന്‍ വധിക്കണം. സ്ത്രീഹത്യ എന്ന പാപം ഇതിനാല്‍ ഉണ്ടാവില്ല ''.

ജ്യേഷ്ഠന്‍ ഞാണൊലി ഉയര്‍ത്തിയതും അതിഭയാനകമായ അട്ടഹാസം കേള്‍ക്കാറായി. അടുത്ത നിമിഷം പര്‍വതാകാരവും ഭീതിജനകവുമായ ഒരു സ്ത്രീരൂപം പ്രത്യക്ഷപ്പെട്ടു. കോപിഷ്ടയായ ആ നിശാചരി മൂവരേയും ഭക്ഷിപ്പാനായി ഓടിയടുക്കകയാണ്. നിമിഷാര്‍ദ്ധത്തിനുള്ളില്‍ ശ്രീരാമന്‍റെ വില്ലില്‍ നിന്ന് പറന്ന അമ്പ്ആ രാക്ഷസിയുടെ മാറില്‍ തറച്ചു. ഒരു മഹാമേരു ഭൂമിയില്‍ അടര്‍ന്നു വീണതുപോലെ അവള്‍ നിലം പതിച്ചു. ആ സ്ഥാനത്ത് ഇപ്പോള്‍ കാണുന്നത് അതി സുന്ദരിയായ ഒരു യുവതിയെയാണ്. മനോഹരമായ വസ്ത്രങ്ങളും രത്നങ്ങള്‍ പതിച്ച സ്വര്‍ണ്ണാഭരണങ്ങളും അവളുടെ കാന്തിക്ക് മാറ്റു കൂട്ടുന്നു. .

'' മഹാപ്രഭോ, യക്ഷിയായ ഞാന്‍ ഒരു ശാപം മൂലമാണ് രാക്ഷസിയായത് '' തൊഴു കയ്യോടെ അവള്‍ ശ്രിരാമനെ പ്രണമിച്ചു '' അങ്ങയുടെ ബാണം ഏറ്റതോടെ എനിക്ക്ശാപമോക്ഷം ലഭിച്ചു. ഇനി ഞാന്‍ ദേവലോകത്തേക്ക് പോവുകയാണ്. എന്നെ അനുഗ്രഹിച്ചാലും ''

മൂടല്‍മഞ്ഞു കണക്കെ ആ സുന്ദരരൂപം കണ്ണില്‍ നിന്ന് മറയുന്നതു നോക്കി ലക്ഷ്മണന്‍ നിന്നു.

'' ഈ രാത്രി നമുക്ക് ഇവിടെ കഴിയാം '' വിശ്വാമിത്രന്‍ പറഞ്ഞു '' ദിവ്യമായ ചില അസ്ത്രങ്ങള്‍ നിങ്ങള്‍ക്ക് ഞാന്‍ ഉപദേശീക്കുന്നുണ്ട് ''.

പഠനത്തിനും വിശ്രമത്തിനുമായി അവര്‍ അവിടെ താവളമൊരുക്കി.

6 comments:

  1. അപ്പോ അയനം തുടങ്ങാം....അല്ലേ

    ReplyDelete
  2. ajith,
    ഇതാ തുടങ്ങി കഴിഞ്ഞു. ഭഗവാന്‍ നമ്മോടൊപ്പമുണ്ടാവട്ടെ.

    ReplyDelete
  3. വായിച്ചു തുടങ്ങി.....

    ReplyDelete
  4. സന്തോഷം. 32 ദിവസവും രാവിലെ പൂവിതള്‍ മുന്നിലെത്തും 

    ReplyDelete
  5. ഞാന്‍ വായിച്ചു തുടങ്ങി...

    ReplyDelete
  6. വായിച്ച് അഭിപ്രായം അറിയിക്കുമല്ലോ

    ReplyDelete